22 December Sunday

കോന്നി മെഡിക്കൽ കോളേജിൽ 
പുതിയ ആശുപത്രി കെട്ടിടം

വെബ് ഡെസ്‌ക്‌Updated: Wednesday Sep 25, 2024

കോന്നി മെഡിക്കൽ കോളേജിൽ നിർമാണം പുരോഗമിക്കുന്ന 
പുതിയ കെട്ടിടം

കോന്നി
ഗവ. മെഡിക്കൽ കോളേജിൽ ഏഴ് നിലകളിലായി പണിയുന്ന പുതിയ ആശുപത്രി കെട്ടിടസമുച്ചയം നിർമാണം  പുരോഗമിക്കുന്നു. ഒന്നര ലക്ഷം ചതുരശ്രയടിയിൽ അത്യാധുനിക സംവിധാനങ്ങളോടെ നിർമിക്കുന്ന പുതിയ കെട്ടിടത്തിൽ 200 കിടക്കകളാണ് സജ്ജമാക്കുന്നത്. ഇതിന്റെ  നിർമാണ പുരോഗതി അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ വിലയിരുത്തി. 
നിലവിൽ 300 കിടക്കകളുള്ള ആശുപത്രി കെട്ടിടം പ്രവർത്തിക്കുന്നുണ്ട്. ഇതിന് പുറമെയാണ് പുതിയ കെട്ടിടം. എല്ലാ നിലകളുടെയും നിർമാണം പൂർത്തിയായി. പ്ലാസ്റ്ററിങ്‌, പ്ലംബിങ്‌ ജോലികളാണ് പുരോഗമിക്കുന്നത്. ശേഷിക്കുന്നവ അടിയന്തിരമായി പൂർത്തിയാക്കണമെന്ന് എംഎൽഎ കരാർ കമ്പനി അധികൃതർക്ക് നിർദേശം നൽകി.
പുതിയ കെട്ടിടത്തിൽ ഒന്നാം നിലയിൽ റിസപ്ഷൻ, ഫാർമസി, നേത്രരോഗ വിഭാഗത്തിന്റെയും അസ്ഥിരോഗ വിഭാഗത്തിന്റെയും ഒപി വിഭാഗം തുടങ്ങിയവ പ്രവർത്തിക്കും. രണ്ടാംനിലയിൽ ജനറൽ സർജറി, ഇഎൻടി, ടിബി ആൻഡ് റസ്പിറേറ്ററി വിഭാഗം തുടങ്ങിയവയുടെ ഒപിയാണ് പ്രവർത്തിക്കുക. മൂന്നാംനിലയിൽ ജനറൽ സർജറി, അസ്ഥിരോഗ വിഭാഗം, ഇഎൻടി വകുപ്പുകൾ പ്രവർത്തിക്കും.
നാലാം നിലയിൽ ജനറൽ സർജറി, നേത്രരോഗ വിഭാഗം തുടങ്ങിയവയുടെ വാർഡുകളായിരിക്കും. അഞ്ചാം നിലയിൽ ജനറൽ സർജറി വാർഡും ഇഎൻടി വാർഡും പ്രവർത്തിക്കും. ആറാം നിലയിൽ അസ്ഥിരോഗ വിഭാഗം, ത്വക്ക്‌രോഗ വിഭാഗം എന്നിവയുടെ രണ്ട് വാർഡുകൾ വീതം പ്രവർത്തിക്കും. ഏഴാം നിലയിൽ ഐസൊലേഷൻ വാർഡ്, ടിബി ആൻഡ്‌ റസ്പിറേറ്ററി വിഭാഗം വാർഡ് എന്നിവയാണ് വിഭാവനം ചെയ്തിരിക്കുന്നത്. പുതിയ കെട്ടിടം കൂടി പ്രവർത്തനക്ഷമമാകുന്നതോടെ 500 രോഗികളെ ഒരേ സമയം കിടത്തി ചികിത്സിക്കാം. കിഫ്ബിയിൽ നിന്നനുവദിച്ച 352 കോടി രൂപ ഉപയോഗിച്ചുള്ള വിവിധ നിർമാണ പ്രവർത്തനങ്ങളാണ് ഇപ്പോൾ പുരോഗമിക്കുന്നത്.
വീട്ടിലിരുന്ന്‌ 
ഒപി ടിക്കറ്റെടുക്കാം
ഒപി ടിക്കറ്റ് ബുക്കിങ്ങിന് ഇ -ഹെൽത്ത് സംവിധാനം ഏർപ്പെടുത്തി. ഇതുപയോഗിച്ച് വീട്ടിലിരുന്നും ഒപി ടിക്കറ്റ് ബുക്ക് ചെയ്യാനാവും. ആരോഗ്യ വകുപ്പിന്റെ ഇ–-ഹെൽത്ത് സൈറ്റിൽ വ്യക്തികൾക്ക് മൊബൈൽ ഫോൺ ഉപയോഗിച്ചും ജനസേവന കേന്ദ്രങ്ങൾ വഴിയും ഇതിന്റെ സേവനം പ്രയോജപ്പെടുത്താം. 
ഓൺലൈൻ വഴി എടുക്കുന്ന ടിക്കറ്റിൽ ഡോക്ടർമാർ തങ്ങൾക്ക് നൽകിയിരിക്കുന്ന പരിശോധനാ സമയം രേഖപ്പെടുത്തിയിട്ടുണ്ടാകും. ഈ സമയം ആശുപത്രിയിലെത്തിയാൽ ഡോക്ടർമാരുടെ മികച്ച സേവനവും ലഭ്യമാകും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top