കൊടുമൺ
മുൻകായികതാരമായിരുന്ന അമ്മയുടെ ശിക്ഷണത്തിൽ ഗ്രൗണ്ടിലിറങ്ങിയ മകൾ നേടിയത് മൂന്നിനങ്ങളിൽ സമ്മാനം. കുറിയന്നൂർ മാർത്തോമ്മ സ്കൂളിലെ ദേവനന്ദയാണ് അമ്മയുടെ പാത പിന്തുടർന്ന് കായികരംഗത്ത് ചുവടുറപ്പിക്കുന്നത്. ജില്ലാ സ്കൂൾ കായികമേളയിൽ ജൂനിയർ പെൺകുട്ടികളുടെ ഷോട്ട്പുട്ടിലും ഹാമർ ത്രോയിലും സ്വർണവും ഡിസ്‌കസ് ത്രോയിൽ വെങ്കലവും നേടി. ദേവനന്ദയുടെ അമ്മ സിന്ധു 100 മീറ്ററിലും 200 മീറ്ററിലും 1200 മീറ്ററിലും സ്കൂൾതലങ്ങളിൽ ജില്ലയിലും സംസ്ഥാന തലത്തിലും മത്സരിച്ച വനിതാതാരമായിരുന്നു. മകൾ ഫീൽഡിനങ്ങളിലാണെന്ന വ്യത്യാസം മാത്രം.
ചെറുപ്പംമുതൽ തന്നെ മകളെ ഒരു കായികതാരമായി വളർത്തിയെടുക്കാനാവശ്യമായ പരിശീലനം നൽകിയത് അമ്മ സിന്ധു തന്നെയായിരുന്നു. സ്കൂളിൽ ത്രോയിനങ്ങൾക്കാവശ്യമായ പരിശീലനത്തിന് സ്റ്റേഡിയം ഇല്ല. നിലവിലുള്ള സ്റ്റേഡിയത്തിലെ മറ്റ് പരിശീലനങ്ങൾ കഴിയുംവരെ കാത്തിരുന്നാണ് പരിശീലനം. അപ്പോഴേക്കും സന്ധ്യയാകും. വീട്ടു ജോലികൾ പോലും മാറ്റി വച്ച് അമ്മയെല്ലാ ദിവസവും പരിശീലനത്തിനൊപ്പം സ്റ്റേഡിയത്തിലിരിക്കും. ദിവസവും രാത്രി എട്ടുമണിയോടെയാണ് പരിശീലനം കഴിഞ്ഞ് അമ്മയും മകളും വീട്ടിലെത്തുക.
ഒമ്പതാം ക്ലാസ് വിദ്യാർഥിനിയാണ്. കഴിഞ്ഞ രണ്ടുവർഷമായി തുടർച്ചയായി ഷോട്ട്പുട്ടിൽ സ്വർണം നേടി. ജില്ലാ ബാസ്‌കറ്റ് ബോൾ, ടെന്നിക്കൊയ് ടീമിലും കഴിഞ്ഞ സംസ്ഥാന നെറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയ ടീമിലും അംഗമായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..