പെരുനാട്
സിപിഐ എം പെരുനാട് ഏരിയ സമ്മേളനം ചുവപ്പ് സേനാ മാർച്ചോടെയും നൂറുകണക്കിനാളുകൾ പങ്കെടുത്ത പ്രകടനത്തോടെയും പൊതുസമ്മേളനത്തോടെയും ഞായറാഴ്ച സമാപിച്ചു. എരുവാറ്റുപുഴ ജങ്ഷനിൽ നിന്നാരംഭിച്ച പ്രകടനത്തിൽ ഏരിയയിലെ എട്ട് ലോക്കൽ കമ്മറ്റികളിൽ നിന്നായി സമൂഹത്തിന്റെ നാനാതുറയിലുള്ളവർ അണിചേർന്നു. ശബരിമല തീർഥാടകർക്ക് ഒരു തരത്തിലുമുള്ള ബുദ്ധിമുട്ടുണ്ടാക്കാതെ നടത്തിയ പ്രകടനം സംഘാടക മികവ് വിളിച്ചോതി. പ്രകടനം കടന്നു വന്ന വഴിയിൽ തീർഥാടകരുടെ വാഹനങ്ങൾ കടന്നു പോകാൻ സംഘാടകർ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ചെണ്ടയും ബാൻഡും മേളക്കൊഴുപ്പ് തീർത്ത അന്തരീക്ഷത്തിൽ ഇൻക്വിലാബിന്റെ ഇടിമുഴക്കം കക്കാട്ടാറിന്റെ ഓള പരപ്പിൽ പ്രകമ്പനമായി.
സീതാറാം യെച്ചൂരി നഗറിൽ ( ശബരിമല ഇടത്താവളം ഗ്രൗണ്ടിൽ) നടന്ന പൊതുസമ്മേളനം സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം രാജു ഏബ്രഹാം ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ അഡ്വ. വി ജി സുരേഷ് അധ്യക്ഷനായി. നാസർകോളായി മുഖ്യപ്രഭാഷണം നടത്തി. അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ, എസ് ഹരിദാസ്, പി എസ് മോഹനൻ, അഡ്വ. പ്രമോദ് നാരായൺ എംഎൽഎ എന്നിവർ സംസാരിച്ചു. സിപിഐ എം പെരുനാട് ഏരിയ സെക്രട്ടറി എം എസ് രാജേന്ദ്രൻ സ്വാഗതവും സ്വാഗതസംഘം കൺവീനർ റോബിൻ കെ തോമസ് നന്ദിയും പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..