പന്തളം
കടയ്ക്കാട് അമ്പലം –- തകിടിപ്പടി റോഡ് നിർമാണം നടക്കാത്തതിൽ പ്രതിഷേധിച്ച് സിപിഐ എം കൗൺസിലർ ലസിതാ നായർ പന്തളം നഗരസഭയിലെ എൻജിനീയറെ ഓഫീസിൽ ഉപരോധിച്ചു. നിർമാണത്തിന് പദ്ധതിയിൽ വച്ച് എട്ടര ലക്ഷം രൂപയ്‌ക്ക് ടെൻഡറായി കരാർ വച്ചിട്ടും നിർമാണം നടക്കാതെ സ്പിൽ ഓവറായി കിടക്കുകയാണ്.
ഈ റോഡിൽ വാഹനങ്ങൾക്കും കാൽനട യാത്രക്കാർക്കും നരക യാതനയാണ്. നഗരസഭയുടെ അനാസ്ഥകൊണ്ട് തെരുവ് വിളക്കുകളുമില്ല. കടയ്‌ക്കാട് ക്ഷേത്രത്തിൽ സപ്താഹം തുടങ്ങിയതോടെ ഈ റോഡിൽ ജനത്തിരക്കേറി.
റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാനാണ് വാർഡ് കൗൺസിലർ ലസിതാ നായർ എൻജിനീയറുടെ ഓഫീസിൽ വാതിൽപ്പടിയിൽ കസേരയിട്ട് എൻജിനീയറെ ഉപരോധിച്ചത്. കരാറെടുത്ത കാരാറുകാരനെ വിളിച്ചു വരുത്തി 31ന് റോഡുപണി ആരംഭിയ്ക്കാമെന്ന ഉറപ്പ് ലഭിച്ച ശേഷമാണ് കൗൺസിലർ ഉപരോധം അവസാനിപ്പിച്ചത്.
കൗൺസിലറുടെ ഉപരോധത്തിൽ പ്രതിഷേധിച്ച് എൻജിനീയറുടെ മുറിയ്ക്ക് പുറത്ത് ബിജെപി കൗൺസിലർമാർ വലിയ ബഹളം ഉണ്ടാക്കിയതിനെ തുടർന്ന് പൊലീസെത്തിയാണ് രംഗം ശാന്തമാക്കിയത്. നഗരസഭയിലെ എല്ലാ വാർഡിലും റോഡുകളുടെ അവസ്ഥ മോശമാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..