23 December Monday
വഞ്ചിപൊയ്ക - പെരിങ്ങമല വെള്ളച്ചാട്ടം

ജലസംരക്ഷണത്തിനൊപ്പം അഡ്വഞ്ചർ ടൂറിസവും ഒരുക്കും

വെബ് ഡെസ്‌ക്‌Updated: Friday Jul 26, 2024

വഞ്ചിപൊയ്കയിൽ ജലസംരക്ഷണത്തിനൊപ്പം അഡ്വഞ്ചർ ടൂറിസം പദ്ധതിയെ കുറിച്ച് അമൃത് ജില്ലാ കോ-ഓർഡിനേറ്റർ ആദർശ് ദേവരാജനോട് നഗരസഭാ ചെയർമാൻ അഡ്വ.ടി സക്കീർ ഹുസൈൻ വിശദീകരിക്കുന്നു

പത്തനംതിട്ട 
നഗരസഭ മൂന്നാം വാർഡിൽ സ്ഥിതിചെയ്യുന്ന വഞ്ചിപൊയ്ക പെരിങ്ങമല വെള്ളച്ചാട്ടം സംരക്ഷിക്കാനും സാഹസിക വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റാനും പദ്ധതി ഒരുങ്ങുന്നു. നഗരസഭ ചെയർമാൻ ഉദ്യോഗസ്ഥർക്കൊപ്പം സ്ഥലം സന്ദർശിച്ചു. വർഷത്തിൽ കടുത്ത വേനൽ ഒഴികെയുള്ള എട്ടുമാസം സജീവമാണ്  വെള്ളച്ചാട്ടം. 
വഞ്ചിപ്പൊയ്കയിൽ നിന്നാരംഭിച്ച് പെരിങ്ങമല വരെ എത്തുന്ന നീരൊഴുക്ക് പാറക്കെട്ടുകളിലൂടെയും ഔഷധസസ്യങ്ങൾ ഉൾപ്പെടെ ഉള്ള ചെടികൾക്കിയിലൂടെയുമാണ് ഒഴുകിയെത്തുന്നത്. ഈ വെള്ളം പുനരുപയോഗിച്ച് വേനൽക്കാലത്തും വെള്ളച്ചാട്ടം സജീവമായി നിർത്തുക എന്നതാണ് പദ്ധതിയിൽ പ്രധാനം. 
വെള്ളച്ചാട്ടത്തിന്റെ ഭാഗമായുള്ള പാറക്കെട്ടുകളിൽ സാഹസികർക്കായി മലകയറ്റം, വിനോദ സഞ്ചാരികൾക്കായി അടിസ്ഥാന സൗകര്യവും സൗന്ദര്യവൽക്കരണ പദ്ധതികളും ഒരുക്കാനാണ് നഗരസഭ ലക്ഷ്യമിടുന്നത്. ഇത് സംബന്ധിച്ച് പദ്ധതി തയ്യാറാക്കാൻ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. ജലസ്രോതസ്സുകൾ സംരക്ഷിക്കുക എന്ന പദ്ധതിയുടെ ഭാഗമായി അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി ആദ്യഘട്ട ഫണ്ട് കണ്ടെത്താനാണ് ശ്രമം. 
അടുത്ത ഘട്ടമായി മറ്റ് സ്രോതസ്സുകളിൽ നിന്ന് ഫണ്ട് ലഭ്യമാക്കി നഗരത്തിന്റെ പ്രധാന ആകർഷണങ്ങളിൽ ഒന്നായി വഞ്ചിപ്പൊയ്ക - പെരിങ്ങമല വെള്ളച്ചാട്ടം മാറ്റാനുള്ള വിശദമായ പദ്ധതിയാണ് തയ്യാറാക്കുന്നതെന്ന് നഗരസഭ ചെയർമാൻ അഡ്വ. ടി. സക്കീർ ഹുസൈൻ പറഞ്ഞു. മുൻ വാർഡ് കൗൺസിലറും ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റുമായ കെ അനിൽകുമാറാണ് മൗണ്ടനറിങ് ചാമ്പ്യൻഷിപ്പ് ഉൾപ്പെടെ നടത്താൻ കഴിയുന്ന വിധത്തിൽ വിനോദസഞ്ചാര കേന്ദ്രമാക്കി വഞ്ചിപ്പൊയ്ക - പെരിങ്ങമല വെള്ളച്ചാട്ടം വികസിപ്പിക്കുക എന്ന ആശയത്തിന് പിന്നിൽ. പദ്ധതി തയ്യാറാക്കുന്നതിന്റെ ഭാഗമായി അമൃത് 2 ജില്ലാ കോ ഓർഡിനേറ്റർ ആദർശ് ദേവരാജ് സ്ഥലം സന്ദർശിച്ചു.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top