പത്തനംതിട്ട
പത്തനംതിട്ടയിൽ നിന്നും ഗവിയിലേക്ക് കോന്നി, അടവി ഇക്കോ ടൂറിസം കേന്ദ്രം വഴി കെഎസ്‌ആർടിസി ബസ് സർവീസ് ആരംഭിക്കുന്നു. ബജറ്റ് ടൂറിസത്തിന്റെ ഭാഗമായ സർവീസിന് യാത്രാ നിരക്കും കുറയും. നേരത്തെ 1800 രൂപയായിരുന്നു നിരക്ക്. ഗവിയിലെ ബോട്ട് സവാരിയുടെ പേരിൽ വനം വികസന കോർപ്പറേഷനാണ് അധിക തുക ആവശ്യപ്പെട്ടത്. യാത്രക്കാർക്ക് അടവിയിലെ കുട്ടവഞ്ചിസവാരിക്ക് അവസരം കിട്ടുന്ന വിധത്തിലാണ് പുതിയ യാത്രാ പരിപാടിക്ക് തുടക്കമിടുന്നത്.
കുട്ടിവഞ്ചി സവാരിക്കുൾപ്പെടെയാണ് ഒരാൾക്ക് 1400 രൂപ ഈടാക്കുക. ഗവിയിൽ രണ്ടു ബോട്ട് മാത്രമെയുള്ളു. യാത്രക്കാർ കൂടുതൽ വന്നാൽ അതിന് ബുദ്ധിമുട്ടും നേരിട്ടിരുന്നു. അടവിയിൽ ആവശ്യത്തിന് കുട്ടവഞ്ചികളുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന വിനോദയാത്രികർക്ക് പുതിയൊരു അനുഭവമാകും അടവിയിലെ കുട്ടവഞ്ചി സവാരി. മുക്കാൽ മണിക്കൂറോളം ചെലവഴിക്കാനും സാധിക്കും. 27ന് ശേഷം പത്തനംതിട്ടയിൽ നിന്ന് ഗവിയിലേക്കുള്ള അടുത്ത യാത്രകൾ ആഗസ്ത് മൂന്ന്, ഒമ്പത്, 12, 20, 21, 26 എന്നി തീയതികളിലാണ്. പത്തനംതിട്ടയില്‍ നിന്ന് രാവിലെ 6.30നാണ് യാത്ര പുറപ്പെടുക. കോന്നി, അടവി, അഞ്ച് അണക്കെട്ടുകള്‍, പരുന്തുംപാറ വഴിയാണ് വിനോദ യാത്ര. രാത്രി ഒമ്പതിനാണ് പത്തനംതിട്ടയില്‍ തിരിച്ചെത്തുക.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..