കോന്നി
മലയോരവാസികളെ വിളിച്ചുണർത്തുകയും സമയം അറിയിക്കുകയും ചെയ്‌തിരുന്ന കോന്നി പഞ്ചായത്തിന്റെ സൈറൺ നിലച്ചിട്ട് കാൽ നൂറ്റാണ്ട് പിന്നിടുന്നു. വാച്ചുകളും ക്ലോക്കുകളും അന്യമായിരുന്ന മലയോരവാസികളുടെ സമയമറിയാനുള്ള പ്രധാന ആശ്രയമായിരുന്നു പഞ്ചായത്ത് ഓഫീസ് മുറ്റത്തെ സ്‌തൂപത്തിലെ സൈറൺ. 1990നു ശേഷം ഇടയ്ക്കിടെ പണിമുടക്കിയിരുന്ന സൈറൺ 1995നു ശേഷം പൂർണമായും നിശ്ചലമായി.
പിന്നീട് വന്ന ഭരണസമിതികളാകട്ടെ ഇത് പുനസ്ഥാപിക്കുമെന്ന് പറഞ്ഞെങ്കിലും കാൽ നൂറ്റാണ്ടിനു ശേഷവും പ്രാവർത്തികമാക്കിയില്ല. ഓടിട്ട പഴയ പഞ്ചായത്ത് ഓഫീസിനു പകരം കോൺക്രീറ്റ് കെട്ടിടം പണിയാനാണ് സൈറന്റെ സ്‌തൂപം പൊളിച്ചുമാറ്റിയത്.
കഴിഞ്ഞ യുഡിഎഫ് ഭരണസമിതിയുടെ അവസാന കാലത്താണ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രവീൺ പ്ലാവിളയിൽ സൈറൺ പുന:സ്ഥാപിക്കാൻ മുന്നിട്ടിറങ്ങിയത്. മുറ്റമില്ലാത്ത ഓഫീസിനു മുന്നിൽ കരിങ്കൽ കെട്ടി സംരക്ഷിച്ചിരുന്ന നെല്ലിമരം കടപുഴകിയതോടെ ഇവിടെ കോൺക്രീറ്റ് മരവും ചില്ലയും കിളിക്കൂടും നിർമിച്ച് കിളിക്കൂടിനുള്ളിൽ സൈറൺ സ്ഥാപിക്കാനും തീരുമാനിച്ചു. പഞ്ചായത്തിന്റെ ഫണ്ടുപയോഗിക്കാതെ സ്പോൺസർമാരെ കണ്ടെത്തിയാണ് നിർമാണം ആരംഭിച്ചത്.
15 അടിയോളം ഉയരമാണ് കോൺക്രീറ്റ് വൃക്ഷത്തിന്. 13 അടിയോളം പണി പൂർത്തിയായി. ഇതിനായി മുക്കാൽ ലക്ഷം രൂപ ചെലവഴിച്ചു. അവസാനവട്ട പണികൾക്കായി സിമന്റ് ഉൾപ്പെടെയുള്ള സാധനങ്ങൾ ശേഖരിക്കുകയും ചെയ്തു. ഇതിനുശേഷമാണ് ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടന്നത്. ഇതോടെ നിർമാണ പ്രവർത്തനങ്ങൾ നിലച്ചു.
പ്രവീൺ ബ്ലോക്ക് പഞ്ചായത്തംഗം ആകുകയും യുഡിഎഫ് വീണ്ടും പഞ്ചായത്ത് ഭരണം നേടുകയും ചെയ്തു. എന്നാൽ പുതിയ ഭരണസമിതി സൈറൺ നിർമാണം പൂർത്തിയാക്കേണ്ടതില്ലെന്ന നിലപാടിലാണ്. ഇത് പൂർത്തിയായാൽ അതിന്റെ ക്രെഡിറ്റ് തങ്ങൾക്ക് ലഭിക്കില്ലന്ന കാരണത്താലാണ് തുടർ പണികൾ ഉപേക്ഷിച്ചത്.
പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചല്ല നിർമാണ പ്രവർത്തനങ്ങൾ നടത്തിയതെന്നതിനാൽ പദ്ധതി പഞ്ചായത്തിന് സാമ്പത്തിക നഷ്ടം ഉണ്ടാക്കില്ലെന്നും ഇപ്പോൾ സൈറൺ അനാവശ്യമാണെന്നുമാണ് വാദം. പൂർണമാകാത്ത കോൺക്രീറ്റ് വൃക്ഷം പൊളിച്ചുമാറ്റാൻ കഴിയാതെ നിൽക്കുകയാണ്. വിഷയം പ്രതിപക്ഷം പഞ്ചായത്ത് കമ്മിറ്റിയിൽ ഉന്നയിച്ചെങ്കിലും സാങ്കേതിക കാര്യങ്ങൾ പറഞ്ഞ് ഭരണപക്ഷം ഒഴിഞ്ഞു മാറുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..