തിരുവല്ല
ജില്ലയിലെ ഏറ്റവും വലിയ കൗമാര സർഗോത്സവത്തിന് ചൊവ്വാഴ്ച തുടക്കമാകും. ജില്ലാ സ്കൂൾ കലോത്സവത്തിനായി തിരുമൂലപുരത്തെ അഞ്ച് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒരുങ്ങി. ചൊവ്വാഴ്ച രാവിലെ 9.30ന് നാലുനാൾ നീളുന്ന കലോത്സവത്തിന് തിരിതെളിയും. മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. അഡ്വ. മാത്യു ടി തോമസ് എംഎൽഎ അധ്യക്ഷനാകും. സിനി ആർട്ടിസ്റ്റ് ഉല്ലാസ് പന്തളം കലാമത്സരങ്ങൾ ഉദ്ഘാടനം ചെയ്യും. അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ ലോഗോ വിജയിക്ക് സമ്മാനം നൽകും.
29ന് സമാപനസമ്മേളനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും. അഡ്വ. പ്രമോദ് നാരായൺ എംഎൽഎ അധ്യക്ഷനാകും. ജില്ലാ പൊലീസ് ചീഫ് വി ജി വിനോദ് കുമാർ സമ്മാനദാനം നിർവഹിക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീനാ പ്രഭ മുഖ്യപ്രഭാഷണം നടത്തും.
തിരുമൂലപുരം എസ്എൻവിഎസ് ഹൈസ്കൂൾ, ഇരുവെള്ളിപ്ര സെന്റ് തോമസ് ഹയർസെക്കൻഡറി സ്കൂൾ, ബാലികാമഠം ഹയർസെക്കൻഡറി സ്കൂൾ, തിരുമൂലവിലാസം യുപിഎസ്, എംഡിഎം ഇഎം എൽപിഎസ് എന്നീ അഞ്ച് സ്കൂളുകളിലെ 16 വേദികളിലാണ് മത്സരങ്ങൾ അരങ്ങേറുന്നത്. എസ്എൻ വി ഹൈസ്കൂളാണ് മുഖ്യവേദി.
11 ഉപജില്ലകളിൽ നിന്ന് 5,153 കുട്ടികളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. 232 വിദ്യാലയങ്ങളിൽ നിന്നുള്ള മൽസരാർഥികൾ 303 ഇനങ്ങളിൽ മാറ്റുരക്കും. ചൊവ്വാഴ്ച രാവിലെ ഒമ്പതിന് ഡിഡി ബി ആർ അനില കലോത്സവ പതാക ഉയർത്തും. സ്കൂൾ യുവജനോത്സവ ചരിത്രത്തിലാദ്യമായി ഇത്തവണ ഗോത്രകലകളും മത്സര ഇനങ്ങളായുണ്ട്. മംഗലംകളി, പണിയനൃത്തം, മലപ്പുലയ ആട്ടം, ഇരുള നൃത്തം, പളിയ നൃത്തം എന്നിങ്ങനെ ഗോത്രകലകളിൽ പെട്ട അഞ്ചിനങ്ങളാണ് ഇത്തവണ മത്സരവേദികളിലെത്തുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..