03 November Sunday

പത്തരമാറ്റായി അഷ്ടമിരോഹിണി വള്ളസദ്യ

വെബ് ഡെസ്‌ക്‌Updated: Tuesday Aug 27, 2024
കോഴഞ്ചേരി   
ആറന്മുള പാർഥസാരഥി ക്ഷേത്രത്തിലെ ചരിത്ര പ്രസിദ്ധമായ അഷ്ടമിരോഹിണി വള്ളസദ്യ ഉണ്ണാനെത്തിയത്‌  പതിനായിരങ്ങൾ. തിങ്കൾ രാവിലെ 11.30ന് ക്ഷേത്രത്തിലെ ആനക്കൊട്ടിലിൽ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി ഉദ്‌ഘാടനം ചെയ്തു. പ്രഭാത ശ്രീബലിയ്ക്ക് ശേഷം കൊടിമരച്ചുവട്ടിൽ സുരേഷ് ഗോപി ആദ്യ നെൽപ്പറ സമർപ്പിച്ചാണ് വള്ളസദ്യയ്‌ക്ക്‌ തുടക്കമായത്‌. ആരോഗ്യ മന്ത്രി വീണാ ജോർജ് വിഭവങ്ങൾ ഇലയിൽ വിളമ്പി. 
52 കരയിലെ പ്രതിനിധികൾ പള്ളിയോട കരകൾക്കുവേണ്ടി നെൽപ്പറകൾ സമർപ്പിച്ചു. ക്ഷേത്രത്തിന്റെ വടക്കേ മുറ്റത്ത് 52 കരകാർക്കായി പ്രത്യേക ഇരിപ്പിടങ്ങൾ സജ്ജമാക്കിയിരുന്നു. തെക്കേ മുറ്റത്ത് ജനങ്ങൾക്കായി പ്രത്യേക പവലിയനിൽ വിഭവ സമൃദ്ധമായ സദ്യ ഒരുക്കി. ക്ഷണിതാകൾക്ക് വടക്കേ മാളികയിൽ സദ്യ ഒരുക്കി. വഴിപാട് നടത്തിയവർക്കായി പാഞ്ചജന്യം, കൃഷ്ണവേണി, വിനായക എന്നീ സദ്യാലയങ്ങളിലാണ് സദ്യ ഒരുക്കിയത്. അമ്പലപ്പുഴയിൽ നിന്നെത്തിയ അരവിന്ദാക്ഷൻ നായരും സംഘവും ഒരുക്കിയ അമ്പലപ്പുഴ പാൽപ്പായസം സദ്യക്ക് മാറ്റുകൂട്ടി. 
ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രൻ മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ആർ അജയകുമാർ, പള്ളിയോട സേവാസംഘം പ്രസിഡന്റ്‌ കെ വി സാംബദേവൻ, സെക്രട്ടറി പ്രസാദ് ആനന്ദഭവൻ, ദേവസ്വം അസിസ്റ്റന്റ്‌ കമീഷണർ രേവതി മലയാലപ്പുഴ, രമേശ്‌ മാലിമേൽ, വൈസ് പ്രസിഡന്റ്‌ കെ എസ് സുരേഷ്, ജോ. സെക്രട്ടറി അജയ് ഗോപിനാഥ്, അജി ആർ നായർ, ബി കൃഷ്ണകുമാർ, വിജയകുമാർ ചുങ്കത്തിൽ, ശശികുമാർ, കെ ആർ സന്തോഷ്, അനൂപ് ഉണ്ണികൃഷ്ണൻ, രവീന്ദ്രൻ നായർ, മുരളി ജി പിള്ള, രഘുനാഥ്, പാർത്ഥസാരഥി എന്നിവർ പങ്കെടുത്തു. 
സദ്യക്കാവശ്യമായ 500 പറ അരി ചെന്നിത്തല പള്ളിയോട കരയിൽ നിന്നും വഴിപാടായാണ് സമർപ്പിച്ചത്. 52 കരകളിൽ നിന്നും ഭക്തർ നൽകിയ വിഭവങ്ങൾക്ക് പുറമേ ഹോർട്ടികോർപ്പ്, നാരങ്ങാനം പഞ്ചായത്ത് എന്നിവിടങ്ങളിൽ നിന്നും വള്ളസദ്യക്കാവശ്യമായ വിഷരഹിത പച്ചക്കറി വിലയ്ക്ക് വാങ്ങിയാണ് ഈ വർഷം സദ്യ ഒരുക്കിയത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top