21 October Monday

യുവാവിൽനിന്ന്‌ മാല ഊരി വാങ്ങി 
മുങ്ങി; പ്രതി പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Friday Sep 27, 2024
അടൂർ
തവണ വ്യവസ്ഥയിൽ സ്വർണവും വീട്ടുപകരണങ്ങളും നൽകാമെന്ന്‌ പറഞ്ഞ് പണം തട്ടിയെടുക്കുന്നയാൾ അറസ്റ്റിൽ. കായംകുളം കീരിക്കാട് കണ്ണമ്പള്ളി ചെന്താശ്ശേരി മാവോലി വടക്കേതിൽ അനിയൻകുഞ്ഞ്(അനി 42)-നെയാണ് അടൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇളമണ്ണൂർ സ്വദേശിയായ യുവാവിന്റെ കഴുത്തിൽ കിടന്ന സ്വർണമാല ഊരി വാങ്ങി കടന്നുകളഞ്ഞ കേസിലായിരുന്നു അറസ്റ്റ്.
മാർച്ച് നാലിന് രാവിലെ പരാതിക്കാരനായ ഇളമണ്ണൂർ സ്വദേശിയായ യുവാവിന്റെ വീട്ടിൽ അനിയൻ കുഞ്ഞ് എത്തി. തുടർന്ന് കർട്ടൻ, സ്വർണം എന്നിവ തവണ വ്യവസ്ഥയിൽ നൽകുന്നയാളാണെന്ന് സ്വയം പരിചയപ്പെടുത്തി. യുവാവിന്റെ അമ്മയുടെ മൊബൈൽ നമ്പർ വാങ്ങി ഫോണിൽ അനിയൻകുഞ്ഞ് വിളിച്ചു. ഫോൺ കട്ട് ചെയ്ത ശേഷം യുവാവിന്റെ മാല ഊരി തരാനും തൂക്കം നോക്കാനാണെന്നും അമ്മ പറഞ്ഞുവെന്ന് കളവ് പറഞ്ഞു. 
യുവാവ് ആറു ഗ്രാം തൂക്കം വരുന്ന സ്വർണമാല ഊരി അനിയൻകുഞ്ഞിന് നൽകി. തൂക്കം നോക്കാനെന്ന് പറഞ്ഞ് പുറത്തേക്ക് പോയ ഇയാൾ പിന്നീട് തിരികെ വന്നില്ല. തുടർന്ന് യുവാവ് അടൂർ പൊലീസിൽ പരാതി നൽകി. 
മൊബൈൽ ഫോൺ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അനിയൻകുഞ്ഞ് അറസ്റ്റിലാകുന്നത്. റാന്നി, എരുമേലി, കോന്നി, കൂടൽ ഭാഗങ്ങളിൽ തവണ വ്യവസ്ഥയിൽ ഫർണിച്ചർ പോലുള്ള സാധനങ്ങൾ തരാമെന്ന്‌ പറഞ്ഞ് പലരിൽ നിന്നും പണം തട്ടിയെടുത്തതായും പൊലീസ് പറയുന്നു. അടൂർ ഡിവൈഎസ്പി  ജി സന്തോഷ് കുമാറിന്റെ മേൽനോട്ടത്തിൽ അടൂർ എസ്എച്ച്ഒ ശ്യാം മുരളി, എസ്ഐമാരായ ബാലസുബ്രഹ്ണ്യൻ, രഘു, എസ്സിപിഒ  രാജീവ്, സിപിഒമാരായ ശ്യാംകുമാർ, അർജുൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top