23 December Monday
ഇന്ന്‌ ലോക വിനോദസഞ്ചാര ദിനം

വരൂ...
പോകാം.. കറങ്ങാം

സ്വന്തം ലേഖകൻUpdated: Friday Sep 27, 2024
പത്തനംതിട്ട
യാത്രകൾ എന്നും പ്രിയങ്കരമാണ്‌. പുത്തൻ കാഴ്‌ചകളിലേയ്‌ക്ക്‌ എത്താനുള്ള മനുഷ്യന്റെ ആസക്‌തി തുടർന്ന്‌ കൊണ്ടേയിരിക്കും. പുത്തൻ സ്ഥലങ്ങളെയും വൈവിധ്യങ്ങളെയും അറിയാൻ യാത്ര ചെയ്യുന്നവരുണ്ട്‌. തിരക്ക്‌ പിടിച്ച ജീവിതത്തിൽ ആശ്വാസം കണ്ടെത്താനായി യാത്രകൾ തെരഞ്ഞെടുക്കുന്നവരും ധാരാളം. മലയോര മേഖലയായ ജില്ലയിലും നിരവധി യാത്രാ പ്രേമികളാണ്‌ ദിവസവും എത്തുന്നത്‌. 
 
ഈ ലോക വിനോദസഞ്ചാര ദിനത്തിൽ ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൂടെയൊരു യാത്ര.
കോന്നി ആനക്കൂട്
കുട്ടിയാനകളെയും വലിയ ആനകളെയും അടുത്ത്‌ കാണാനുള്ള അവസരമാണ്‌ കോന്നി ആനക്കൂട് ഒരുക്കുന്നത്‌. ആനകളെയും കാടിനെയും സംബന്ധിക്കുന്ന മ്യൂസിയവും ഇവിടെയുണ്ട്. കുട്ടികളുടെ പാർക്ക്, വന വിഭവങ്ങൾ ലഭിക്കുന്ന വനശ്രീ ഇക്കോ ഷോപ്പ് എന്നിവയും പ്രധാന ആകർഷണങ്ങളാണ്.  
അടവി ഇക്കോ 
ടൂറിസം കേന്ദ്രം
കോന്നി അടവി ഇക്കോ ടൂറിസം കേന്ദ്രം കല്ലാറിൽ സ്ഥിതിചെയ്യുന്നു. കുട്ടവഞ്ചി സവാരിയാണ് അടവിയിലെ പ്രധാന ആകർഷണം. കൂടാതെ മനോഹരമായ കല്ലാർ പുഴയ്ക്ക് സമീപമുള്ള ബാംബൂ ഹട്ടുകളിൽ താമസസൗകര്യവും ലഭ്യമാണ്. ട്രെക്കിങ്ങിനും അവസരമുണ്ട്. കോന്നി ടൗണിൽ നിന്നും 13 കി.മീ മാറിയാണ് അടവി ഇക്കോ ടൂറിസം കേന്ദ്രം.
പെരുന്തേനരുവി 
വെള്ളച്ചാട്ടം
റാന്നി താലൂക്കിലെ വെച്ചൂച്ചിറ, നാറാണംമൂഴി പഞ്ചായത്ത് പ്രദേശങ്ങളിലായി പമ്പാ നദിയിലാണ് വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ഈ വെള്ളച്ചാട്ടം. മനോഹരമായ പാറക്കെട്ടുകൾ നിറഞ്ഞതാണ് പെരുന്തേനരുവി. ടൂറിസം വകുപ്പിന്റെ ഡോർമിറ്ററി, കോൺഫറൻസ് ഹാൾ, പാർക്ക് എന്നിവ ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. 
ചുട്ടിപ്പാറ
സൂര്യാസ്‌തമയം കാണാനും ദീപപ്രഭയിൽ നഗരസൗന്ദര്യം ആസ്വദിക്കാനും നിരവധി പേർ ചുട്ടിപ്പാറയ്‌ക്ക്‌ മുകളിലെത്തുന്നു. മൂന്ന്‌ വലിയ പാറകളും ഏതാനും കൊച്ചുപാറകളുമടങ്ങുന്ന ചുട്ടിപ്പാറ ഏക്കറുകളിലായി പടർന്നു കിടക്കുന്നു. വിവിധ പാറകളിലായി ആറു കൊച്ചു ക്ഷേത്രങ്ങളുമുണ്ട്. 
കാട്ടാത്തിപ്പാറ
കാട്ടാത്തിപ്പാറയുടെ തലയെടുപ്പും കാടിന്റെ വശ്യസൗന്ദര്യവും സഞ്ചാരികളെ ഏറെ ആകർഷിക്കുന്നു. കോന്നിയിൽ നിന്നും 30 കിലോമീറ്റർ അകലെയാണിത്‌. ചുറ്റും മേടപ്പാറ, കുടപ്പാറ, പാപ്പിനിപ്പാറ തുടങ്ങിയ കരിംപാറകളുണ്ട്. നെല്ലിക്കാപ്പാറ, കുറ്റിക്കുഴി വെള്ളച്ചാട്ടങ്ങളും വൻ മരങ്ങളും പക്ഷികളും വിനോദസഞ്ചാരികൾക്ക് മറക്കാനാവാത്ത അനുഭവമാകും. 
രാക്ഷസൻപാറ
കലഞ്ഞൂർ പഞ്ചായത്തിലെ രാക്ഷസൻ പാറ മനോഹരമായ പാറക്കൂട്ടമാണ്. -ഇതിനോടു ചേർന്ന് തട്ടുപാറയും കുറവൻ കുറത്തിപ്പാറയുമുണ്ട്‌. രാക്ഷസൻപാറയുടെ മുകളിൽ നിന്ന് പ്രകൃതിയുടെ വശ്യസൗന്ദര്യം ആസ്വദിക്കാം
പുത്തൻ പദ്ധതികൾക്ക്‌ 
ചിറക്‌ മുളയ്‌ക്കുന്നു
ജില്ലയിൽ വിവിധ ടൂറിസം പദ്ധതികൾ സംസ്ഥാന സർക്കാർ പരിഗണനയിലാണ്‌. ഇതിൽ പ്രധാനമാണ്‌ വലഞ്ചുഴി ടൂറിസം പദ്ധതി. അച്ചൻകോവിലാറിന്റെ തീരത്തിന്റെ മനോഹാര്യത പ്രയോജനപ്പെടുത്തുന്നതാണ്‌ പദ്ധതി. പദ്ധതിയുടെ ആദ്യഘട്ടത്തിനായി സംസ്ഥാന സർക്കാരിന്റെ 3,06,53,182 രൂപയുടെ ഭരണാനുമതി ലഭിച്ചു. ബോട്ടിങ്‌, വാക്ക്‌വേ, ഫ്ലോട്ടിങ്‌ റസ്റ്റോറന്റ്‌ എന്നിവ അടങ്ങിയ സീതത്തോട്‌ എത്‌നോ ഹബ്ബും പരിഗണനയിലാണ്‌.
അരുവിക്കുഴി
തോട്ടപ്പുഴശേരി പഞ്ചായത്തിലെ അരുവിക്കുഴി വെള്ളച്ചാട്ടം മനോഹരം. കോഴഞ്ചേരി- –- തടിയൂർ റോഡിലൂടെ ഇവിടെ എത്താം. ചരൽക്കുന്ന്, കുന്നോക്കാലി മലകളുടെ സംഗമസ്ഥാനത്ത്‌ നിന്നുള്ള നീരൊഴുക്കെത്തി രണ്ട് തട്ടായി 300 അടി താഴ്‌ചയിലേക്ക്‌ പതിക്കുന്നു.  

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top