അടൂർ
അടൂർ ജനറൽ ആശുപത്രിയെ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയായി ഉയർത്താൻ സംസ്ഥാന സർക്കാർ നടപടി തുടങ്ങി. സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയാക്കാനുള്ള ക്രമീകരണങ്ങളെക്കുറിച്ച് ആശുപത്രി സൂപ്രണ്ടിൽ നിന്നും സർക്കാർ റിപ്പോർട്ട് തേടി. ഡിഎച്ച്എസ്സാണ് ഡിഎംഒ ഓഫീസ് വഴി റിപ്പോർട്ട് അവശ്യപ്പെട്ടത്. കാർഡിയോളജി വിഭാഗം, ന്യൂറോ സർജറി, നെഫ്രോ വിഭാഗം എന്നിവ ആരംഭിക്കുന്നത് സംബന്ധിച്ച് വിശദമായ റിപ്പോർട്ടാണ് ആവശ്യപ്പെട്ടത്. എക്കോ, ടിഎംടി ഉൾപ്പെടെ കാത്ത്‌ലാബ് ആരംഭിക്കാനാവശ്യമായ ക്രമീകരണങ്ങൾ എന്തൊക്കെയെന്ന് കാട്ടി ആശുപത്രി സൂപ്രണ്ട് ഡോ. മണികണ്ഠൻ ഡിഎച്ച്എസ്സിന് റിപ്പോർട്ട് നൽകി.
വർഷങ്ങൾക്ക് മുമ്പ് ഇവിടെ ട്രോമാകെയർ യൂണിറ്റ് സ്ഥാപിച്ചിരുന്നു. എന്നാൽ ന്യൂറോളജിസ്റ്റ്, നെഫ്രോളജിസ്റ്റ് എന്നിവർ ഇല്ലാത്തതിനാൽ അപകടത്തിൽ പരിക്കേറ്റ് വരുന്ന ഇത്തരം കേസുകൾ മെഡിക്കൽ കോളേജുകളിലേക്ക് റഫർ ചെയ്യുകയാണ് ചെയ്തിരുന്നത്. പുതിയ സംവിധാനം വരുന്നതോടെ അപകടത്തിൽ പരിക്കേറ്റെത്തുന്നവർക്ക് അടിയന്തിര, അത്യാധുനിക ചികിത്സ ഇവിടെത്തന്നെ ലഭ്യമാക്കാനാകും. കടമ്പനാട്, പള്ളിക്കൽ, ഏറത്ത്, ഏഴംകുളം പഞ്ചായത്ത് പ്രദേശത്ത് നിന്നുള്ളവർ ഇവിടെയാണ് ചികിത്സ തേടിയെത്തുന്നത്. കാർഡിയോളജി, നെഫ്രോളജി, ന്യൂറോളജി ഉൾപ്പെടെയുളള ചികിത്സക്കായി കൂടുതൽ തുക നൽകി സ്വകാര്യാശുപത്രികളെ ആശ്രയിക്കേണ്ട സ്ഥിതിയും മാറും. ദിനംപ്രതി രണ്ടായിരത്തിലധികം പേരാണ് ഇവിടെ ഒപി വിഭാഗത്തിൽ ചികിത്സ തേടി എത്തുന്നത്. കൂടാതെ ജില്ലയിൽ ഏറ്റവും കൂടുതൽ ശസ്ത്രക്രിയ നടക്കുന്ന സർക്കാർ ആശുപത്രിയുമാണിത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..