പത്തനംതിട്ട
മുൻവിരോധം കാരണം ക്വട്ടേഷൻ സംഘത്തിന് പണം കൊടുത്ത് യുവാവിനെ കൊല്ലാൻ ശ്രമിച്ച കേസിൽ ഗൂഢാലോചനയിൽ ഉൾപ്പെട്ട അഞ്ചാം പ്രതിയെ മുംബൈയിൽ നിന്നും തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്തു. കവിയൂർ ആഞ്ഞിലിത്താനം മാകാട്ടി കവല തെക്കേ മാകാട്ടിൽ അനീഷ് എൻ പിള്ള (42) യെയാണ് മുംബൈ വിമാനത്താവളത്തിൽ വച്ച് അറസ്റ്റ് ചെയ്തത്.
കവിയൂർ ആഞ്ഞിലിത്താനം പഴമ്പള്ളിൽ മനീഷ് വർഗീസിനെ കൊല്ലാൻ ശ്രമിച്ച കേസിലെ അഞ്ചാം പ്രതിയാണ്. ഇയാളാണ് നാലംഗ സംഘത്തിന് ക്വട്ടേഷൻ കൊടുത്തത്. ഇയാൾ മനീഷിനോടും കുടുംബത്തോടും നേരത്തെ വിരോധത്തിൽ കഴിഞ്ഞുവരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞവർഷം ഒക്ടോബർ 12 ന് പകൽ മൂന്നരക്ക് പഴമ്പള്ളിൽ ജങ്ഷനിലാണ് സംഭവം. ബൈക്കിൽ മാകാട്ടി കവല റോഡിൽ സഞ്ചരിച്ച യുവാവിനെ കാറിലെത്തിയ പ്രതികൾ തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. മുഖത്ത് മുളകുപൊടി വിതറിയശേഷം ഇരുമ്പ് പൈപ്പ് കൊണ്ട് തലക്കടിച്ചു വീഴ്ത്തി. തുടർന്ന് തറയിലിട്ട് മർദിച്ചു. മോട്ടോർ സൈക്കിൾ അടിച്ചുതകർക്കുകയും ചെയ്തു.
അന്വേഷണം ഏറ്റെടുത്ത എസ് എച്ച് ഓ ബി കെ സുനിൽ കൃഷ്ണന്റെ നേതൃത്വത്തിൽ പ്രതികൾക്കായി ഊർജിതമായ തെരച്ചിൽ നടത്തി.തുടർന്ന്, ഒന്നുമുതൽ നാലുവരെ പ്രതികളായ അനിൽ കുമാർ, വിഷ്ണു, സതീഷ് കുമാർ, റോയ് എന്നിവരെ ഒക്ടോബർ 23ന് രാത്രി അറസ്റ്റ് ചെയ്തു.
ആറാം പ്രതി അഭിലാഷ് മോഹൻ, ഏഴാം പ്രതി സജു എന്നിവരെ 2024 ജനുവരി 10നും മാർച്ച് 12 നുമായി അന്വേഷണസംഘം പിടികൂടി. ന്യൂസിലാന്റിൽ കഴിയുന്ന അനീഷിനുവേണ്ടി ലുക്ക് ഔട്ട് സർക്കുലർ പൊലീസ് പുറപ്പെടുവിപ്പിച്ചു. നാട്ടിലേക്കുള്ള യാത്രയ്ക്കിടെ ലുക്ക് ഔട്ട് സർക്കുലർ നിലവിലുള്ളതിനാൽ മുംബൈ എയർപോർട്ടിൽ ഇയാളെ തടഞ്ഞുവയ്ക്കുകയായിരുന്നു. എയർപോർട്ട് ഇമിഗ്രേഷനിൽ നിന്ന് വിവരം അറിയിച്ചതനുസരിച്ച്, തിരുവല്ലയിൽ നിന്നും പൊലീസ് സംഘം ഇയാളെ കസ്റ്റഡിയിലെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..