പത്തനംതിട്ട
കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ, ജനദ്രോഹ നയങ്ങള്‍ക്കെതിരെ രാജ്യ വ്യാപകമായി കർഷക-, തൊഴിലാളി, -കർഷകത്തൊഴിലാളി സംഘടനകൾ നടത്തുന്ന ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി പത്തനംതിട്ട ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് തൊഴിലാളികള്‍ മാർച്ചും ധർണയും നടത്തി. ഐഎൻടിയുസി ദേശീയ വർക്കിങ് കമ്മിറ്റിയംഗം ജ്യോതിഷ് കുമാർ മലയാലപ്പുഴ ഉദ്‌ഘാടനം ചെയ്തു. സിഐടിയു ജില്ലാ സെക്രട്ടറി പി ബി ഹർഷകുമാർ അധ്യക്ഷനായി.
ട്രേഡ് യൂണിയന്‍ നേതാക്കളായ ഡി സജി, എ പി ജയൻ, ആനി സ്വീറ്റി, കെ ഐ ജോസഫ്, ബോബി കാക്കനാട്, സുമ ഫിലിപ്പ്, രാധാമണി, ആർ തുളസീധരൻ പിള്ള, കെ രാധാകൃഷ്ണൻ, അഡ്വ. മാത്തൂർ സുരേഷ്, രാജൻ സുലൈമാൻ, സുനിതാ കുര്യൻ, കെ സി രാജാഗോപാലൻ, എസ് ഹരിദാസ്, മലയാലപ്പുഴ മോഹനൻ, അയൂബ് എന്നിവർ സംസാരിച്ചു.
അബാൻ ജങ്ഷനിൽനിന്നും മാര്‍ച്ച് ആരംഭിച്ചു. മാർച്ചിന് പി കെ ഗോപി, പി ജെ അജയകുമാർ, ബൈജു ഓമല്ലൂർ,ശ്യാമ ശിവൻ, കെ അനിൽ കുമാർ, എം വി സഞ്ജു, എ ഡി ജോൺ, പി കെ ഇഖ്ബാൽ, മിനി രവീന്ദ്രൻ, ജെ ശൈലജ , ബെൻസി തോമസ്, സക്കീർ അലങ്കാരത്ത്, രാജീവൻ എന്നിവർ നേതൃത്വം നൽകി.
സിഐടിയു, ഐഎൻടിയുസി, എഐടിയുസി, എസ്ടിയു, എച്ച്എംഎസ്, കെടിയുസി, ടിയുസിഐ, എ ഐയുടിയുസി, എൻഎൽസി, എൻകെഎസ്, സേവ, എൻഎൽയു തുടങ്ങിയ തൊഴിലാളി സംഘടനകള്‍ക്ക് പുറമേ കർഷകസംഘം, കർഷകത്തൊഴിലാളി യൂണിയൻ, കിസാൻ സഭ തുടങ്ങിയവയുടെ പ്രവർത്തകരാണ് പ്രക്ഷോഭത്തിൽ പങ്കെടുത്തത്.
മിനിമം വേതനം മാസം 26,000 രൂപയും പെൻഷൻ 10,000 രൂപയും ഉറപ്പാക്കുക, അഗ്‌നിപഥ് പദ്ധതി പിൻവലിക്കുക, ഉല്പാദനച്ചെലവിനോട് അതിന്റെ പാതിയും കൂടി കൂട്ടിയ താങ്ങുവില ഉറപ്പാക്കി എല്ലാ കാർഷികോൽപ്പന്നങ്ങളും സംഭരിക്കുക, ദരിദ്ര- ഇടത്തരം കൃഷിക്കാരുടെയും കാർഷികത്തൊഴിലാളികളുടെയും കടം കേന്ദ്രസർക്കാർ എഴുതിത്തള്ളുക, നാല് ലേബർ കോഡുകളും 2022ലെ വൈദ്യുതി ഭേദഗതി ബില്ലും റദ്ദാക്കുക, തൊഴിലുറപ്പ് പദ്ധതി വിപുലപ്പെടുത്തി ദിവസക്കൂലി 600 രൂപയാക്കി വർഷം 200 പ്രവൃത്തി ദിനമാക്കുക, വിലക്കയറ്റം തടയുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം നടന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..