പന്തളം
നവോഥാന നായകനായിരുന്ന സരസകവി മൂലൂർ എസ് പത്മനാഭപ്പണിക്കരുടെ ഇലവുംതിട്ടയിലെ സ്മാരകത്തിൽ നിന്ന് ആരംഭിച്ച ശിവഗിരി തീർഥാടക പദയാത്രക്ക്, തുമ്പമൺ സെന്റ് മേരീസ് ഓർത്തഡോക്സ് ഭദ്രാസന പള്ളിയിൽ സ്വീകരണം നൽകി. ആദ്യമായാണ് തുമ്പമൺ പള്ളിയുടെ അങ്കണം ശിവഗിരി തീർഥാടകരുടെ സാന്നിധ്യം കൊണ്ട് പവിത്രമാകുന്നത്. തീർഥാടകർ മാനവികതയുടെയും, സൗഹാർദത്തിന്റെയും മെഴുകുതിരികൾ പള്ളിമേടയിൽ തെളിച്ചപ്പോൾ തുമ്പമൺ ഭദ്രാസന പള്ളി വികാരി ഫാ. ജിജി സാമുവേൽ അനുഗ്രഹ പ്രഭാഷണം നടത്തി. തുടർന്ന് പള്ളി ഭാരവാഹികൾ തീർഥാടകർക്ക് മധുര പാനീയങ്ങളും, ലഘുഭക്ഷണങ്ങളും നൽകി.
മെഴുവേലി പഞ്ചായത്ത് പ്രസിഡന്റും പദയാത്ര ചെയർപേഴ്‌സണുവായ പിങ്കി ശ്രീധർ നന്ദി പറഞ്ഞു. വ്യാഴാഴ്ച രാവിലെ 6.30നാണ് മൂലൂർ സ്മാരകത്തിൽ നിന്ന് തീർഥാടക പദയാത്ര പുറപ്പെട്ടത്. ഈ വർഷത്തെ തീർഥാടന പദയാത്രയും പഞ്ചലോഹ വിഗ്രഹരഥ ഘോഷയാത്രയുമാണ് ഇലവുംതിട്ട ശ്രീനാരായണ ധർമ്മപരിഷത്തിന്റെയും സരസകവി മൂലൂർ സ്മാരക കമ്മറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ തുടങ്ങിയത്. തുടർന്ന് ആറ് കേന്ദ്രങ്ങൾ പിന്നിട്ടാണ് തുമ്പമൺ പള്ളിയിൽ പദയാത്ര എത്തിയത്. നാല് ദിവസം നീളുന്ന യാത്രക്ക് ശേഷം 29ന് വൈകിട്ട് 6.30ന് തീർഥാടക സംഘം ശിവഗിരിയിലെത്തും.
മൂലൂർ സ്‌മാരക കമ്മിറ്റി പ്രസിഡന്റും മുൻ എംഎൽഎയുമായ കെ സി രാജഗോപാലൻ, തീർഥാടന പദയാത്ര കൺവീനർ പി ശ്രീകുമാർ, പദയാത്ര കോഓർഡിനേറ്റർ കെ ജി സുരേന്ദ്രൻ, തുമ്പമൺ പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് ടി വർഗീസ്, തുമ്പമൺ ഭദ്രാസന പള്ളി വികാരി ഫാ. ജിജി സാമുവേൽ, ട്രസ്റ്റി പി സി ജോസ്, സെക്രട്ടറി റ്റിജു തോമസ്, മാനേജിങ് കമ്മിറ്റി അംഗങ്ങളായ എം കെ തോമസ് കുട്ടി, കെ എസ് ജോർജ്, പി ജി സാംകുട്ടി, ജേക്കബ് സാമുവേൽ എന്നിവർ ചടങ്ങിൽ സന്നിഹിതരായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..