ചിറ്റാർ
ഊരാംപാറയ്ക്ക് സമീപം വനമേഖലയിൽ നിന്നും ജനവാസ കേന്ദ്രങ്ങളിൽ കാട്ടാന ഇറങ്ങുന്നത് തടയാൻ സൗരോർജ വേലി സ്ഥാപിക്കുന്നത് അതിവേഗം പുരോഗമിക്കുന്നു. അള്ളുങ്കൽ ഡാമിന് സമീപത്ത് നിന്ന് 86 പള്ളിപ്പടി ഭാഗത്തേക്കും മണക്കയം ഭാഗത്തേക്കുമാണ് ജോലി തുടങ്ങിയത്. സൗരോർജ വേലിയ്ക്കായുള്ള ഇരുമ്പു തണുകൾ നാട്ടുന്ന ജോലിയാണ് നടന്നു വരുന്നത്.
തൂണുകൾ എല്ലാം സ്ഥാപിച്ച ശേഷമേ വൈദ്യുതി പ്രവഹിക്കുന്ന കമ്പി വലിക്കു. ആറ് കിലോമീറ്റർ ദൂരത്തിലാണ് സൗരോർജ വേലി സ്ഥാപിക്കുന്നത്. മണക്കയം പാലം മുതൽ സീതത്തോട് മാർക്കറ്റിന് സമീപം വരെ വേലി സ്ഥാപിക്കും. ഒരാഴ്ച്ചയ്ക്കുള്ളിൽ വേലി ചാർജ് ചെയ്യാനുള്ള പ്രവർത്തനമാണ് നടക്കുന്നത്. 200 തുണുകൾ ഇതിനകം സ്ഥാപിച്ചു. 700 മീറ്റർ കമ്പിയും വലിച്ചു.
കോതമംഗലം ആസ്ഥാനമായ എംഎസ് പവർ സിസ്റ്റം കമ്പനിയാണ് വേലി സ്ഥാപിക്കുന്നത്. അള്ളുങ്കൽ മേഖലയിൽ നിന്നും വരുന്ന ആനകൾ കക്കാട്ടാറ് മുറിച്ചു കടന്നാണ് ജനവാസ മേലെയിൽ എത്തുന്നത്. ആറിന്റെ ഇക്കരെ വേലി തീർക്കുന്നതോടെ ആനകളുടെ കടന്നുവരവ് തടയാം. അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ യുടെ ഇടപെടലാണ് നാടിന് രക്ഷയാകുന്നത്. വേലി സ്ഥാപിക്കാൻ 20 ലക്ഷം രൂപയാണ് എംഎൽഎ അനുവദിപ്പിച്ചത്. അള്ളുങ്കൽ വനമേഖലയിൽ നിന്ന് ഇറങ്ങി വരുന്ന ആനകൾ കക്കാട്ടാറിൽ ഇറങ്ങി കുളിയും കഴിഞ്ഞ് മടങ്ങുന്നത് മുമ്പും പതിവായിരുന്നു.എന്നാൽ ആറ് മുറിച്ചുകടന്ന് കൈത തോട്ടങ്ങളും വാഴ കൃഷിയും പനകളും ഇവ കണ്ടു പിടിച്ചു.
പൊതുമരാമത്ത് റോഡും കടന്നാണ് കൈതത്തോട്ടവും പനയും വാഴയും ലക്ഷ്യമാക്കി രണ്ട് കൊമ്പൻമാർ നിരന്തരം സഞ്ചരിക്കുന്നത്. രാവിലെയും വൈകിട്ടുമാണ് ആനകൾ റോഡ് കടന്നു പോകുന്നതും തിരികെ വരുന്നതും. ആനകൾ റോഡ് കടന്നു പോകുന്ന സമയം വനപാലകരും വാച്ചർമാരും പൊലിസും യാത്രക്കാർക്ക് സുരക്ഷയൊരുക്കി റോഡിൽ നിലയുറപ്പിക്കുന്നുണ്ട്. ജനങ്ങൾക്കോ വീടുകൾക്ക് നേരെയോ ആനകൾ ഇതുവരെ പ്രകോപനം സൃഷ്ടിച്ചിട്ടില്ല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..