റാന്നി
പുതമണ്ണിൽ പുതിയ പാലം നിർമാണം തുടങ്ങി. പാലത്തിന്റെ അടിത്തറ ഉറപ്പിക്കാനുള്ള പൈലിങ് ആണ് ഇപ്പോൾ നടക്കുന്നത്. ആകെ ആറ് പൈലുകളാണ് വേണ്ടത്. ഇതിൽ ആദ്യത്തേത് നടക്കുന്നു. റാന്നി ബ്ലോക്ക് പടി –- കോഴഞ്ചേരി റോഡിൽ പുതമൺ പെരുന്തോടിന് കുറുകെയുള്ള പഴയ പാലം ബീം ഒടിഞ്ഞ് അപകടത്തിലായതിനെ തുടർന്നാണ് പുതിയ പാലം നിർമിക്കാൻ 2.5 കോടി രൂപ സർക്കാർ അനുവദിച്ചത്. നിർമാണം ആരംഭിക്കുന്നതിന്റെ ഭാഗമായി പഴയ പാലം പൊളിച്ചു മാറ്റി. ആ സ്ഥാനത്തുതന്നെയാണ് പുതിയ പാലത്തിനായുള്ള പൈലിങ് ആരംഭിച്ചത്.
പഴയ പാലം അപകടാവസ്ഥയിലായതോടെ ഇതുവഴിയുള്ള ഗതാഗതം പൂർണമായും നിരോധിച്ചിരുന്നു. പുതമൺ മറുകരയിൽ എത്തണമെങ്കിൽ കിലോമീറ്റർ ചുറ്റി സഞ്ചരിക്കേണ്ട അവസ്ഥയുണ്ടായപ്പോൾ ജനങ്ങളുടെ ബുദ്ധിമുട്ട് മനസ്സിലാക്കി തകർന്ന പാലത്തിന് പകരം താൽക്കാലിക പാത നിർമിക്കാൻ 30 ലക്ഷം രൂപ സർക്കാർ അനുവദിച്ചു. ഇതുപയോഗിച്ച് തോടിന് കുറുകെ കോൺക്രീറ്റ് റിങ്ങുകൾ സ്ഥാപിച്ച് താൽക്കാലിക പാതയും നിർമിച്ചു നൽകിയിട്ടുണ്ട്. ഇപ്പോൾ ഇതുവഴിയാണ് വാഹനങ്ങൾ പോകുന്നത്. ഒറ്റവരി ഗതാഗതമാണ് താൽക്കാലിക പാതയിലൂടെ നടക്കുന്നത്. നിരന്തരം വാഹനങ്ങൾ കടന്നുപോയതോടെ താൽക്കാലിക പാത ഇളകി യാത്ര ദുഷ്‌കരമായി.
പാത പുനരുദ്ധരിച്ച് നൽകണമെന്ന് അഡ്വ. പ്രമോദ് നാരായൺ എംഎൽഎ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനോട് അഭ്യർഥിച്ചിട്ടുണ്ട്. പ്രദേശവാസികൾ മാത്രമല്ല ശബരിമല തീർഥാടകരും ഉപയോഗിക്കുന്ന പ്രധാന പാതകളിലൊന്നാണിത്. ശബരിമലയിലേക്കുള്ള തിരുവാഭരണം ഇതുവഴിയാണ് കടന്നു പോകുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..