26 November Tuesday

സേവനം കൈയെത്തും
ദൂരത്ത്

വെബ് ഡെസ്‌ക്‌Updated: Monday Jul 29, 2024
പത്തനംതിട്ട
ജില്ലയിലെ 70 വില്ലേജ് ഓഫീസുകളിൽ 19 വില്ലേജ് ഓഫീസുകൾ സ്‌മാർട്ടായി. കുളനട, ചെറുകോൽ,  ചേത്തയ്ക്കല്‍ വില്ലേജ്  ഓഫീസുകള്‍  തിങ്കളാഴ്ച  റവന്യൂ  മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്യുന്നതോടെയാണ് സ്‌മാര്‍ട്ടാകുന്ന ഓഫീസുകളുടെ എണ്ണം 19 ആകുന്നത്. ഒക്‌ടോബർ 31ന്  മുമ്പ് എഴുമറ്റൂർ, തിരുവല്ല വില്ലേജ് ഓഫീസുകളും സ്‌മാര്‍ട്ടാകും.  ഇതിനുള്ള  നടപടി പുരോഗമിക്കുന്നു.
ഏറ്റവും ആധുനിക സൗകര്യങ്ങളോടെ ജനങ്ങൾക്ക് വളരെ പെട്ടെന്ന് സർക്കാർ സേവനങ്ങൾ ലഭ്യമാക്കാനാണ് വില്ലേജ് ഓഫീസുകൾ സ്‌മാർട്ടാക്കുന്നത്.  പുതിയ കെട്ടിടങ്ങൾ വേണ്ടവയ്ക്ക് കെട്ടിടം നിര്‍മിക്കുന്നുണ്ട്. ജനങ്ങൾക്ക് മികച്ച സേവന സൗകര്യങ്ങൾ ലഭ്യമാക്കുന്നതോടൊപ്പം ഓഫീസിലെത്തുന്നവർക്ക് ആവശ്യമായ ഇരിപ്പിടങ്ങൾ, വിവിധ അപേക്ഷാ ഫോമുകൾ പൂരിപ്പിക്കാനുള്ള സൗകര്യം,  കുടിവെള്ള ലഭ്യത,  ശുചിമുറികൾ, ഭിന്നശേഷിക്കാര്‍ക്ക് പ്രത്യേക റാമ്പ് സൗകര്യം എന്നിവ സ്മാർട്ട് വില്ലേജ് ഓഫീസുകളോടനുബന്ധിച്ച് ഉറപ്പാക്കുന്നു.  ജീവനക്കാർക്ക് പ്രത്യേക ക്യാബിനും  മികച്ച സൗകര്യങ്ങളും ഓഫീസുകളിൽ ഏർപ്പെടുത്തിയിട്ടുണ്ട്. ഇ –-ഫയലിങ്  സംവിധാനവും സ്മാർട്ട് വില്ലേജ് ഓഫീസുകളിൽ താമസിയാതെ ലഭ്യമാകും.
ജനസൗഹാർദ ഓഫീസുകൾ വഴി  സർക്കാർ സേവനം കൈയെത്തും ദൂരത്ത് ലഭ്യമാക്കാനാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ നേതൃത്വത്തിൽ ഓഫീസുകളുടെ ആധുനികവല്‍ക്കരണം നടപ്പാക്കുന്നത് . 
ജില്ലയില്‍ സ്‌മാര്‍ട്ടായ വില്ലേജ് ഓഫീസുകള്‍ –- കൊടുമണ്‍, കുരമ്പാല പള്ളിക്കല്‍, പെരിങ്ങനാട്, ഏനാത്ത്, തുമ്പമണ്‍, പന്തളം, അയിരൂര്‍, കൊല്ലമുള, വടശ്ശേരിക്കര, പത്തനംതിട്ട , ഇരവിപേരൂര്‍, മൈലപ്ര, മലയാലപ്പുഴ, തണ്ണിത്തോട്, വള്ളിക്കോട് എന്നിവ.
ഇതോടൊപ്പം ഡിജിറ്റല്‍ സാക്ഷരത മുഴുവന്‍ ആളുകളിലും എത്തിക്കാനും സര്‍ക്കാര്‍ നടപടി സ്വീകരിച്ചു വരുന്നു. രാജ്യത്തുതന്നെ ആദ്യ സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത കൈവരിക്കുന്ന സംസ്ഥാനമെന്ന നിലയിലേക്കാണ് പദ്ധതി പ്രവര്‍ത്തനം പുരോ​ഗമിക്കുന്നത്. മൊബൈല്‍ ഫോണിലൂടെ തന്നെ സര്‍ക്കാര്‍ സേവനം വിരല്‍ത്തുമ്പില്‍ ലഭിക്കാന്‍ എല്ലാവരേയും സജ്ജരാക്കുകയാണ് സര്‍ക്കാര്‍ പദ്ധതി. ജില്ലയിലും ഇതിന്റെ പ്രവര്‍ത്തനം തുടങ്ങി. 
കുളനട സ്‌മാർട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം പകല്‍ 11.30ന് പകൽ രണ്ടിന് ചെറുകോൽ വില്ലേജ് ഓഫീസ് ഉദ്ഘാടനവും  പകൽ 3.30ന് ഇടമൺ സെന്റ് മേരീസ് കത്തോലിക്കാ ദേവാലയ ഹാളില്‍ ചേത്തയ്‌ക്കൽ സ്‌മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനവും നടക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top