പന്തളം
പന്തളത്തും പരിസരപ്രദേശങ്ങളിലും വൻതോതിൽ കഞ്ചാവ് വിൽപ്പന നടത്തിയ ലഹരി മാഫിയയുടെ മുഖ്യ കണ്ണി അറസ്റ്റിൽ. വെസ്റ്റ് ബംഗാൾ ജൽപൈഗുരി സ്വദേശി കാശിനാഥ് മൊഹന്ത് ( 56) ആണ് മൂന്നര കിലോ കഞ്ചാവുമായി കടക്കാട് തെക്ക് ഭാഗത്തെ ലേബർ ക്യാമ്പിന് സമീപത്തുനിന്നും പന്തളം പൊലീസിന്റെ പിടിയിലായത്.
ലഹരി മാഫിയക്കെതിരെ ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പുകളും, സ്കൂൾ പരിസരങ്ങളടക്കമുള്ള മേഖലകൾ കേന്ദ്രീകരിച്ചും പൊലീസിന്റെ നിരീക്ഷണവും പ്രവർത്തനങ്ങളും ശക്തമാക്കിയിരിക്കുകയാണ്. ജില്ലയിലെ തന്നെ പ്രധാനപ്പെട്ട ലഹരി ഇടപാട് സംഘത്തിന്റെ കണ്ണിയാണ് ഇയാൾ.
രണ്ടുമാസം കൂടുമ്പോൾ നാട്ടിലേക്ക് പോയി മറ്റ് സംസ്ഥാനങ്ങളിൽ നിന്നും കഞ്ചാവ് കൊണ്ടുവന്ന് ഇതരസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകൾ കേന്ദ്രീകരിച്ചും സ്കൂൾ വിദ്യാർഥികൾ അടക്കമുള്ളവർക്കും വൻവിലയ്ക്ക് കഞ്ചാവ് വിൽക്കുകയായിരുന്നു ഇയാൾ. ലഹരി സംഘങ്ങൾക്കും ഇടപാടുകാർക്കുമിടയിൽ ബാബ എന്നറിയപ്പെടുന്ന ഇയാൾ കഴിഞ്ഞ കുറെ നാളുകളായി പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. സംഘത്തിലെ മറ്റ് കൂട്ടാളികളെയും, ഇവർക്ക് സഹായികളായ പ്രദേശവാസികളെ കുറിച്ചുമുളള വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.
അടൂർ ഡിവൈഎസ്പി ജി സന്തോഷ് കുമാറിന്റെ മേൽനോട്ടത്തിൽ പന്തളം എസ്എച്ച്ഒ ടി ഡി പ്രജീഷിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ അനീഷ് എബ്രഹാം, മനോജ് കുമാർ, എഎസ് ഐ ഷൈൻ ബി, പൊലീസുദ്യോഗസ്ഥരായ എസ് അൻവർഷ, ആർ എ രഞ്ജിത്ത്, സുരേഷ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അടൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..