17 September Tuesday

മടത്തുംചാൽ -റോഡ് 
നിർമാണത്തിന് ടെൻഡറായി

വെബ് ഡെസ്‌ക്‌Updated: Thursday Aug 29, 2024
റാന്നി
മടത്തുംചാൽ - റോഡിന്റെ അവശേഷിക്കുന്ന പ്രവർത്തികൾ പൂർത്തിയാക്കുന്നതിന് വേണ്ടി 17.75 കോടി രൂപയുടെ ടെൻഡർ നടപടികൾ ആരംഭിച്ചതായി അഡ്വ പ്രമോദ്  നാരായൺ എംഎൽഎ അറിയിച്ചു. കഴിഞ്ഞ പിണറായി സർക്കാരിന്റെ കാലത്ത് 31.2 കി മീ ദൂരം വരുന്ന റോഡ് നിർമാണത്തിനായി 34 കോടി രൂപയാണ് അനുവദിച്ചത്. എന്നാൽ റോഡിലെ വൈദ്യുത പോസ്റ്റുകളും ജലവിതരണ കുഴലുകളും മാറ്റി സ്ഥാപിക്കാൻ എടുത്ത കാലതാമസം നിർമാണം മുടങ്ങാനിടയാക്കി. തുടർന്ന് കരാറുകാരൻ കരാറിൽ നിന്നും പിന്മാറി ഇതോടെ റോഡ് നിർമാണം അനിശ്ചിതത്വത്തിലായി.
    അഡ്വ. പ്രമോദ് നാരായൺ എംഎൽഎ വിഷയം മുഖ്യമന്ത്രിയുടെയും ധനമന്ത്രിയുടെയും ശ്രദ്ധയിൽപ്പെടുത്തുകയും കിഫ്‌ബി  ഉന്നത ഉദ്യോഗസ്ഥതലത്തിൽ നിരവധി യോഗങ്ങൾ വിളിച്ചുചേർക്കുകയും ചെയ്തു. ഇതേ തുടർന്ന് റോഡിന്റെ നിർവഹണ ചുമതലയുള്ള കേരള  റോഡ് ഫണ്ട് ബോർഡ് റോഡിന്റെ പൂർത്തീകരണത്തിനായി പുതിയ എസ്റ്റിമേറ്റ് തയ്യാറാക്കി കിഫ്ബിയുടെ സാമ്പത്തിക  അനുമതിക്കായി സമർപ്പിച്ചിരുന്നു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കിഫ്ബി എക്സിക്യൂട്ടിവ്  യോഗം 51.65 കോടി രൂപക്കുള്ള പുതുക്കിയ ഭരണാനുമതി നൽകി. നിലവിലെ  കരാറുകാരന് നൽകാനുള്ള തുക പൂർണമായും കൊടുത്തുനിയമപരമായി കരാർ റദ്ദ് ചെയ്തു.  രണ്ട് കിലോമീറ്റർ റോഡിന്റെ ബിസി ടാറിങ് പൂർത്തിയാക്കാനും റോഡിന്റെ വശങ്ങൾ കെട്ടി സംരക്ഷിക്കുന്നതിനും ഉൾപ്പെടെ 17.75 കോടി രൂപയുടെ വർത്തികൾക്കാണ് സാങ്കേതിക അനുമതിയോടെ ടെൻഡർ ക്ഷണിച്ചത്.
    റാന്നിയുടെ കിഴക്ക് പടിഞ്ഞാറ് മേഖലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന റോഡാണ് ഇത്. കൊറ്റനാട് പഞ്ചായത്തിലെ മടത്തും ചാലിൽ നിന്ന് ആരംഭിച്ച് അങ്ങാടി പേട്ട ജങ്‌ഷൻ വരെയും ഇട്ടിയപ്പാറ ടൗണിലെ രണ്ട് ബൈപ്പാസുകളും തുടർന്ന് മന്ദമരുതി -വെച്ചൂച്ചിറ -കനകപ്പലം റോഡും വെച്ചൂച്ചിറ - കൊല്ലമുള -മുക്കൂട്ടുതറ റോഡുമാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 
    10 മീറ്റർ വീതി വരുന്ന റോഡിന്റെടാറിങ് അഞ്ചര മീറ്റർ വീതിയിൽ പൂർത്തിയായി. ബിസി നിലവാരത്തിലുള്ള ടാറിങ്ങും അവശേഷിക്കുന്ന ഭാഗങ്ങളുടെ സംരക്ഷണഭിത്തി ഉൾപ്പെടെയുള്ള പ്രവൃത്തികളും ആണ് ഇനി ചെയ്യാനുള്ളത്. കിഴക്കൻ മലയോര മേഖലയിലെ പ്രധാന കേന്ദ്രങ്ങളായ കൊല്ലമുള്ള, ചാത്തൻറ, മുക്കൂട്ടുതറ എന്നിവയെ ബന്ധിപ്പിക്കുന്നതാണ് റോഡ്.  റോഡ്‌ പൂർത്തിയാകുന്നതോടെ മലയോര മേഖലയുടെ സമഗ്ര വികസനത്തിന് വഴിതെളിക്കും.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top