23 December Monday

ജനങ്ങള്‍ ആശങ്കയില്‍ കേന്ദ്രത്തിന്‌ അനങ്ങാപ്പാറ നയം

വെബ് ഡെസ്‌ക്‌Updated: Sunday Sep 29, 2024
കൊല്ലമുള
പരിസ്ഥിതി പ്രദേശങ്ങൾ സംബന്ധിച്ച് കേന്ദ്രസർക്കാരിന്റെ  വ്യക്തമായ  നയമില്ലായ്മ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു. ജനവാസ മേഖലകളെ പൂർണമായും ഈ പരിധിയിൽ നിന്നും ഒഴിവാക്കണമെന്ന് സംസ്ഥാന സർക്കാർ നിരന്തരം ആവശ്യപ്പെട്ടിട്ടും ഇതു സംബന്ധിച്ച നടപടികൾ മുന്നോട്ടുകൊണ്ടുപോകാന്‍  കേന്ദ്രം തയ്യാറാകുന്നില്ല. ജില്ലയിൽ കൊല്ലമുള വില്ലേജും  ശബരിമല  വാര്‍ഡ്  അടക്കമുള്ള പ്രദേശങ്ങളിലെ  ജനങ്ങൾ ഇതുകാരണം  വലിയ ആശങ്കയിലാണ്. 
തദ്ദേശസ്ഥാപന സമിതികളടക്കം ഇക്കാര്യത്തിൽ മാസങ്ങൾക്ക് മുമ്പുതന്നെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പലകുറി ബന്ധപ്പെട്ട അധികൃതർക്ക് നിവേദനം നൽകിയിരുന്നു. റാന്നി പെരുനാട് പഞ്ചായത്ത് പ്രസിഡന്റ് പി എസ് മോഹനന്റെ നേതൃത്വത്തില്‍ നേരിട്ടുതന്നെ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. 
പഞ്ചായത്ത് സമിതി അം​ഗീകരിച്ച് പ്രമേയത്തിന്റെ പകര്‍പ്പും സർക്കാരിന് കൈമാറി അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാർ  ഇക്കാര്യങ്ങള്‍ കേന്ദ്രത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരികയും ചെയ്തു. എന്നിട്ടും കേന്ദ്രസർക്കാർ നിരുത്തരവാദപരമായ സമീപനമാണ് തുടരുന്നത്. 
സ്ഥലം എംപി ഇക്കാര്യത്തിൽ കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്താൻ നടപടിയെടുക്കുന്നില്ലെന്ന  ആക്ഷേപം പരക്കെയുണ്ട്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്  കാലത്ത് സംസ്ഥാന സർക്കാരിനെ പഴിചാരി ജനങ്ങളെ സർക്കാരിനെതിരെയും ഇടതുപക്ഷത്തിനെതിരെയും  തിരിച്ചുവിടാനായിരുന്നു കോൺഗ്രസും എംപിയും   ശ്രമിച്ചത്.  
തെരഞ്ഞെടുപ്പില്‍ വിജയിച്ച ശേഷം  ഈ വിഷയവുമായി ബന്ധപ്പെട്ട്  ഈ മേഖലയിലേക്ക് തിരിഞ്ഞു നോക്കാത്ത അവസ്ഥയാണെന്ന് പ്രദേശവാസികള്‍ പറയുന്നു.  ഏതു വിധത്തിലും  സംസ്ഥാന സർക്കാരിനെതിരെയും സിപിഐ എമ്മിനെതിരെയും ജനങ്ങളെ തിരിച്ചുവിടാനാണ് കോൺഗ്രസിന്റെ നേതൃത്വത്തിൽ എംപിയടക്കമുള്ളവരുടെ ശ്രമം.  
മറു ഭാ​ഗത്ത് വന്യമൃ​ഗങ്ങളുടെ ശല്യം മലയോര മേഖലയില്‍ ഏറി വരുന്നു. ഇത് നിയന്ത്രിക്കാനും സംസ്ഥാന സര്‍ക്കാരിന് പരിമിതികളുണ്ട്. കേന്ദ്ര വനം നിയമങ്ങളാണ് ഇവിടെയും തടസ്സം. അതിനെ മറികടക്കാനുള്ള നിയമ നിര്‍മാണം നടത്താൻ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകുന്നില്ല. മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എംപിക്കും തെരഞ്ഞെടുപ്പിന് ശേഷം ഈ വിഷയത്തിലും മൗനം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top