കോന്നി
വന്യ ജീവികളുടെ കടന്നു കയറ്റം തടയാൻ ദീർഘവീക്ഷണത്തോടെയുള്ള കർശന നടപടികൾ സർക്കാർ സ്വീകരിക്കുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. കോന്നി മണ്ഡലത്തിൽ മനുഷ്യവന്യ ജീവി സംഘർഷം തടയുന്നതിനായി 1.87 കോടി രൂപ ചെലവിൽ സൗരോർജ തൂക്ക് വേലിയുടെ നിർമാണം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കോന്നി മണ്ഡലത്തിലെ കലഞ്ഞൂർ, അരുവാപ്പുലം, തണ്ണിത്തോട് പഞ്ചായത്തുകളിലെ വനാതിർത്തി പ്രദേശങ്ങളായ നടുവത്തുംമൂഴി റേഞ്ചിലെ പാടം, തട്ടാക്കുടി, പൂമരുതിക്കുഴി, കല്ലേലി, മണ്ണീറ,കരിപ്പാൻ തോട് ഭാഗങ്ങളിൽ 15 കിലോമീറ്റർ തൂക്ക് സൗരോർജ വേലി സ്ഥാപിക്കുന്നതിന് 110 ലക്ഷം രൂപയാണ് ചെലവ്. പാടം സ്റ്റേഷൻ പരിധിയിൽ ആറ് കിലോമീറ്റർ, കൊക്കാ ത്തോട് സ്റ്റേഷൻ പരിധിയിൽ ആറ് കിലോമീറ്റർ, കരിപ്പാൻതോട് സ്റ്റേഷൻ പരിധിയിൽ മൂന്ന് കിലോമീറ്റർ ദൂരത്തിലും തൂക്ക് സൗരോർജവേലി സ്ഥാപിക്കും.
നടുവത്തും മൂഴി റേഞ്ചിൽ കൊക്കാത്തോട്, പാടം മേഖലകളിൽ 2.75 കിലോമീറ്റർ ദൂരത്തിൽ സൗരോർജ വേലി സ്ഥാപിക്കുന്നതിനായി 10.29 ലക്ഷം രൂപയും കോന്നി ഫോറസ്റ്റ് റേഞ്ചിന്റെ നോർത്ത് കുമരംപേരൂർ സൗത്ത് കുമരംപേരൂർ സ്റ്റേഷൻ പരിധിയിൽ 10.4 കിലോമീറ്റർ ദൂരത്തിൽ വേലി സ്ഥാപിക്കാൻ 20 ലക്ഷം രൂപയും ചെലവാകും.
നടുവത്തുംമൂഴി റേഞ്ചിന്റെ കൊക്കാത്തോട് പരിധിയിൽ പാടം കൊക്കാത്തോട് കരിപ്പാൻ തോട് മേഖലയിൽ 15.6 കിലോമീറ്റർ ദൂരം സൗരോർജ വേലി സ്ഥാപിക്കുന്നതിന് 31.71 ലക്ഷം രൂപയാണ് ചെലവ് കണക്കാക്കുന്നത്.
മണ്ണാറപ്പാറ ഫോറസ്റ്റ് റേഞ്ചിന്റെ വിവിധ ഭാഗങ്ങളിൽ 6.3 കിലോമീറ്റർ ദൂരത്തിൽ വേലി സ്ഥാപിക്കുന്നതിനായി 15 ലക്ഷം രൂപയുടെ അനുമതിയും ഉൾപ്പെടെ 1.87 കോടി രൂപയുടെയും പ്രവർത്തികളാണ് നടപ്പാക്കുന്നത്.
കേരള സ്റ്റീൽ ഇൻഡസ്ട്രീസ് ലിമിറ്റഡിനാണ് നിർമാണ ചുമതല. കലഞ്ഞൂർ പഞ്ചായത്തിലെ പൂമരുതികുഴിയിൽ നടന്ന ചടങ്ങിൽ അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ അധ്യക്ഷനായി. ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ഡോ. കമലഹർ, കോന്നി ഡിഎഫ്ഒ ആയൂഷ് കുമാർ കോറി, കലഞ്ഞൂർ പഞ്ചായത്ത് പ്രസിഡന്റ് ടിവി പുഷ്പവല്ലി, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എംപി മണിയമ്മ, കലഞ്ഞൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി എബ്രഹാം,ബ്ലോക്ക് പഞ്ചായത്ത് അംഗം സുജ അനിൽ, പഞ്ചായത്ത് അംഗങ്ങൾ ആയ അജിത സജി, ബിന്ദു രാമചന്ദ്രൻ, സിന്ധു, സിന്ധു സുദർശൻ, ജോജു വർഗീസ്, വി കെ രഘു, എസ് പി സജൻ തുടങ്ങിയവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..