21 November Thursday

വളരും... തൊഴിലും അഭിരുചിയും

വെബ് ഡെസ്‌ക്‌Updated: Tuesday Oct 29, 2024
പത്തനംതിട്ട
ഈ വർഷത്തെ വിഎച്ച്‌എസ്‌ഇ ചെങ്ങന്നൂർ റീജിയണൽ എക്‌സ്‌പോയ്‌ക്ക്‌ കൈപ്പട്ടൂർ ഗവ. വിഎച്ച്‌എസ്‌എസിൽ തുടക്കമായി. രണ്ട്‌ ദിവസമായി നടക്കുന്ന എക്‌സ്‌പോയിൽ പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ 48 വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളുകളാണ്‌ പങ്കെടുക്കുന്നത്‌. പ്രദർശനമേള ചൊവ്വാഴ്‌ച അവസാനിക്കും. പത്തനംതിട്ട ജില്ലയിൽനിന്ന്‌ 27 സ്‌കൂളും ആലപ്പുഴ ജില്ലയിൽനിന്ന്‌ 21 സ്‌കൂളുമാണ്‌ പങ്കെടുക്കുന്നത്‌.
വെക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂൾ വിദ്യാർഥികൾ പങ്കെടുക്കുന്ന മേളയിൽ 48 സ്റ്റാളുകളാണ്‌ ഒരുക്കിയിരിക്കുന്നത്‌. പാഠ്യപദ്ധയിൽ ഉൾപ്പെട്ടത്‌, നൂതന ആശയം, വിപണനം, ലാഭകരം എന്നിവയിൽ അടിസ്ഥാനമാക്കിയുള്ള പ്രദർശനങ്ങളാണ്‌ ഒരുക്കിയിരിക്കുന്നത്‌. വിവിധ വെക്കേഷണൽ വിഷയങ്ങളെ ആസ്‌പദമാക്കിയാണ്‌ ഓരോ പ്രദർശനവും. പ്രദർശനത്തോടൊപ്പം ഭക്ഷ്യവസ്‌തുക്കളുൾപ്പെടെ വിവിധ സാധനങ്ങളുടെ വിപണനവും മേളയിൽ ഒരുക്കിയിട്ടുണ്ട്‌. കൂടാതെ എൻഎസ്‌എസിന്റെ പ്രത്യേക സ്റ്റാളും പ്രവർത്തിക്കുന്നു. അഗ്രിക്കൾച്ചർ, ഇന്റീരിയർ ലാൻഡ്‌സ്‌കേപ്പ്‌, സോഫ്‌റ്റ്‌വെയർ ഡെവലപ്പർ, ഫിഷിങ്‌ ബോട്ട്‌ മെക്കാനിക്‌, ക്രാഫ്‌റ്റ്‌ ബേക്കർ, സിവിൽ, ഡെയറി ഫാം, പൗൾട്രി ഫാം തുടങ്ങി നിരവധി കോഴ്‌സുകളിലെ വിദ്യാർഥികളുടെ ആശയങ്ങളാണ്‌ പ്രദർശനത്തിനെത്തിയത്‌. രണ്ടുദിവസം നീളുന്ന മേള സന്ദർശിക്കാൻ വിവിധ സ്‌കൂളുകളിലെ വിദ്യാർഥികളെത്തി.
തിങ്കളാഴ്‌ച ആരംഭിച്ച മേള വള്ളിക്കോട്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആർ മോഹനൻ നായർ ഉദ്‌ഘാടനം ചെയ്‌തു. വൈസ്‌ പ്രസിഡന്റ്‌ സോജി പി ജോൺ അധ്യക്ഷനായി. വിഎച്ച്‌എസ്‌ഇ അസിസ്റ്റന്റ്‌ ഡയറക്‌ടർ ഷാലി പി ജോൺ, ജില്ലാ പഞ്ചായത്തംഗം റോബിൻ പീറ്റർ, ജി സുഭാഷ്‌, ആൻസി വർഗീസ്‌, എം വി സുധാകരൻ, ജി പ്രകാശ്‌, ടി സുജ, എസ്‌ പ്രേം എന്നിവർ സംസാരിച്ചു.
ചൊവ്വാഴ്‌ച രാവിലെ മുതൽ അധ്യാപകരുടെയും വിദ്യാർഥികളുടെയും കലാപരിപാടികൾ നടക്കും. വൈകിട്ട്‌ നാലിന്‌ നടക്കുന്ന സമാപന യോഗത്തിൽ സമ്മാനം വിതരണം ചെയ്യും. കോന്നി ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ നീതു ചാർളി സമാപന യോഗം ഉദ്‌ഘാടനം ചെയ്യും. വള്ളിക്കോട്‌ പഞ്ചായത്തംഗം ജയശ്രീ അധ്യക്ഷയാകും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top