29 December Sunday

കേരളത്തോടുള്ള സാമ്പത്തിക ഉപരോധം അവസാനിപ്പിക്കുക

വെബ് ഡെസ്‌ക്‌Updated: Sunday Dec 29, 2024

 സീതാറാം യെച്ചൂരി നഗർ

കേരളത്തിന്റെ വികസനത്തിനാവശ്യമായ സാമ്പത്തികസഹായം നൽകുന്ന കാര്യത്തിൽ കേന്ദ്രസർക്കാർ തികച്ചും നിഷേധാത്മക നിലപാട് സ്വീകരിക്കുകയാണ്. അർഹതപ്പെട്ട സാമ്പത്തികവിഹിതം വെട്ടിക്കുറയ്ക്കുക, വിവിധ പദ്ധതികളുടെ ഫണ്ട് അനുവദിക്കാതിരിക്കുക തുടങ്ങിയ നടപടികളിലൂടെ ഫലമായി കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. ദേശീയതലത്തിൽ സംസ്ഥാനങ്ങൾക്ക് വിതരണം ചെയ്യുന്ന ഫണ്ട് പത്താം ധനകാര്യ കമീഷന്റെ കാലത്ത് കേരളത്തിന് 3.82 ശതമാനം അനുവദിച്ചിരുന്നത് പതിനഞ്ചാം ധനകാര്യ കമീഷന്റെ കാലത്ത് 1.92 ശതമാനമായി വെട്ടിക്കുറച്ചു. തന്മൂലം കോടിക്കണക്കിന് രൂപയുടെ വരുമാന നഷ്ടമുണ്ടായി. സംസ്ഥാനത്തിന് കടമെടുക്കാനുള്ള പരിധി നാലുവർഷം മുമ്പ് 4.5 ശതമാനമായിരുന്നത് ഇപ്പോൾ മൂന്ന് ശതമാനമായി വെട്ടിക്കുറച്ചു. അതുപോലെ വായ്‌പയെടുക്കാനുള്ള കിഫ്ബിയുടെ സ്വാതന്ത്ര്യം ഇല്ലാതാക്കി. വികസന പദ്ധതികളുടെ വിജയകരമായ നടത്തിപ്പിന് വലിയ സംഭാവന നൽകിയ കിഫ്ബിയെ പ്രതിക്കൂട്ടിലാക്കുന്ന സമീപനം കേന്ദ്രസർക്കാർ സ്വീകരിച്ചു.
ദേശീയപാത വികസനത്തിന് ഭൂമി ഏറ്റെടുക്കാൻ 6,000 കോടി രൂപ സംസ്ഥാനം മുടക്കിയിട്ടുണ്ട്. ഈ തുക വായ്പ പരിധിയിൽ ഉൾപ്പെടുത്താൻ കേന്ദ്രം അനുമതി നൽകിയിട്ടില്ല. ജിഎസ്ടി നഷ്ടപരിഹാര തുക അനുവദിച്ചിരുന്നത് ഈ വർഷം നിർത്തലാക്കി. വിഴിഞ്ഞം തുറമുഖ നിർമാണത്തിന് 5,000 കോടി രൂപ സംസ്ഥാനം ചെലവഴിച്ചിട്ടും കേന്ദ്രസർക്കാർ ഫണ്ടനുവദിച്ചിട്ടില്ല. ഏറ്റവും വലിയ പ്രകൃതിദുരന്തം നേരിട്ട വയനാടിന്റെ പുനർ നിർമാണത്തിന് ഫണ്ട് നൽകാൻ കേന്ദ്രം തയ്യാറായിട്ടില്ല. ആരോഗ്യരംഗത്ത് ഏറ്റവുമധികം സൗജന്യചികിത്സ നൽകുന്ന സംസ്ഥാനമാണ് കേരളം. വികസന ക്ഷേമ പദ്ധതികൾ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കൂടുതലായി നടപ്പാക്കുന്നു. ഇത്തരം പ്രവർത്തനങ്ങൾക്ക് പ്രയാസമുണ്ടാകുന്ന വിധത്തിലാണ് സാമ്പത്തിക പ്രതിസന്ധി ഉണ്ടായിരിക്കുന്നത്. ഈ സാഹചര്യത്തിൽ കേന്ദ്രസർക്കാരിന്റെ നിഷേധ നിലപാട് തിരുത്തണമെന്നും കേരളത്തിന്റെ വികസനത്തിന് ആവശ്യമായ ഫണ്ട് അനുവദിക്കണമെന്നും സിപിഐ എം ജില്ലാ സമ്മേളനം പ്രമേയത്തിൽ ആവശ്യപ്പെട്ടു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top