തിരുവല്ല
ലഹരി വസ്തുക്കളുടെ ഉപയോഗം മൂലം കുടുംബ ബന്ധങ്ങൾ തകരുന്ന സ്ഥിതിയുണ്ടെന്ന് വനിതാ കമ്മിഷൻ അംഗം അഡ്വ. എലിസബത്ത് മാമ്മൻ മത്തായി പറഞ്ഞു. തിരുവല്ല വൈഎംസിഎ ഹാളിൽ നടത്തിയജില്ലാ അദാലത്തിനു ശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷൻ അംഗം. ഈ പ്രതിസന്ധിയിൽ നിന്നു സമൂഹത്തെ രക്ഷിക്കാന്‍ കൂട്ടായ പ്രവർത്തനം ആവശ്യമാണ്. വനിതാ കമ്മിഷനും പൊലീസും കൗൺസിലേഴ്‌സും ഇതിനായി യോജിച്ച് പ്രവർത്തിക്കും. ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട കേസുകളാണ് അദാലത്തിൽ പരിഗണനയ്ക്ക് എത്തിയവയിൽ കൂടുതലും. സ്വത്ത് സംബന്ധിച്ച കേസുകളും വർധിച്ചു വരുന്നു. ഭാര്യാ ഭർത്താക്കന്മാർ തമ്മിൽ വിശ്വാസമില്ലാതാകുന്നത് മൂലമുള്ള പ്രശ്‌നങ്ങളും കൂടി വരുകയാണ്. ഇത്തരം പ്രശ്‌നങ്ങൾ പരിഹരിക്കാന്‍ കൗൺസലിങ് ഫലപ്രദമാണെന്നും വനിതാ കമ്മിഷൻ അംഗം പറഞ്ഞു.
ജില്ലാ അദാലത്തിൽ ആകെ 15 പരാതി തീർപ്പാക്കി. അഞ്ച് പരാതികൾ റിപ്പോർട്ടിനായും രണ്ടെണ്ണം ജാഗ്രതാ സമിതിക്കും രണ്ടെണ്ണം ഡിഎൽഎസ്എയ്ക്കും അയച്ചു. 42 പരാതികൾ അടുത്ത അദാലത്തിലേക്ക് മാറ്റി. ആകെ 66 പരാതികളാണ് പരിഗണിച്ചത്. അഭിഭാഷകരായ എസ് സീമ, സബീന, കൗൺസലർമാരായ അഞ്ജു തോമസ്, തെരേസ തോമസ്, എഎസ്‌ഐ ടി കെ സുബി, സിവിൽ പൊലീസ് ഓഫീസർ എം എസ് അജിതാ കുമാരി എന്നിവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..