21 November Thursday

അക്ഷരമുറ്റം സമ്മാനത്തുക സഹപാഠിയുടെ ചികിത്സയ്‌ക്ക്‌ നൽകി വിദ്യാർഥി

വെബ് ഡെസ്‌ക്‌Updated: Friday Aug 30, 2024
കോന്നി
ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റിൽ കോന്നി സബ്ജില്ലയിൽ യുപി വിഭാഗം ഒന്നാം സ്ഥാനത്തിന്റെ സമ്മാനത്തുക കരള്‍രോഗം ബാധിച്ച  കൂട്ടുകാരന്റെ ചികിത്സാ സഹായ നിധിയിലേക്ക് സംഭാവന ചെയ്ത്  വിദ്യാർഥി. കോന്നി വാഴമുട്ടം നാഷണൽ യുപി സ്‌കൂൾ  വിദ്യാർഥി  മാധവ് ശങ്കറാണ്‌ തന്റെ  സമ്മാനത്തുക കൈമാറിയത്‌.  
ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് മത്സരത്തില്‍ സ്കൂൾ തല വിജയികളായി യുപി വിഭാഗത്തിൽ സബ്ജില്ലയിൽ മത്സരിച്ചത് മാധവ ശങ്കറും സുഹൃത്ത്‌ റിജോ ടി എസുമാണ്. സബ്ജില്ലാതലത്തിൽ മാധവ ശങ്കറിന് ഒന്നാം സ്ഥാനവും റിജോയ്‌ക്ക്‌ മൂന്നാം സ്ഥാനവും ലഭിച്ചു.  ഇരുവരുടെയും കൂട്ടുകാരനായ ശ്രീഹരി എസ് നായർ ഗുരുതരമായ കരൾ രോഗം ബാധിച്ച്  ചികിത്സയിലാണ് . 
ചികിത്സയ്ക്കായി ധന സമാഹരണത്തിലാണ് സ്‌കൂളിലെ കൂട്ടുകാരെല്ലാവരും. സ്കൂൾ അസംബ്ലിയിൽ ഒന്നാം സ്ഥാനം നേടിയ മാധവ ശങ്കർ സമ്മാനത്തുക സ്കൂൾ ഹെഡ്മിസ്ട്രസ് ജോമി ജോഷ്വയ്ക്ക് കൈമാറി.  സ്ക്കൂളിലെ വിദ്യാര്‍ഥികളെല്ലാവരും  അവരവരുടെ സമ്പാദ്യ തുകകള്‍ ശ്രീഹരിക്കായി നൽകാൻ  ‘സഹപാഠിക്ക് സ്നേഹപൂര്‍വ്വം'   പദ്ധതി രൂപീകരിച്ച് പ്രവര്‍ത്തിക്കുകയാണ്‌. പിടിഎയുടെ നേതൃത്വത്തില്‍ ചികിത്സാ സഹായ നിധി സമാഹരണം നടത്തുന്നുണ്ട്. അച്ഛൻ നഷ്ടപ്പെട്ട പതിനൊന്നുകാരനായ ശ്രീഹരിക്കായി അമ്മയാണ് കരള്‍ പകുത്തുനല്കുന്നത്.  സബ്‌ ജില്ലയിൽ ഒന്നാം സ്ഥാനം നേടിയ മാധവ്‌ ഒക്‌ടോബർ 19ന്‌ അടൂരിൽ നടക്കുന്ന ജില്ലാ മത്സരത്തിന്  തയ്യാറെടുപ്പും ആരംഭിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top