17 September Tuesday
ഉരുക്കിന്റെ കരുത്തുമായി

പാർത്ഥിവ്‌ ഡോക്ടറാകും

ജി സതീശൻUpdated: Friday Aug 30, 2024

അങ്ങാടിക്കൽ എസ്എൻവിഎച്ച്എസ്എസ് ആൻഡ് വിഎച്ച്എസ്എസിൽ സർട്ടിഫിക്കറ്റ് വാങ്ങാൻ മാതാപിതാക്കൾക്കൊപ്പം എത്തിയ 
പി പാർഥിവിനെ പ്രിൻസിപ്പൽ പ്രകാശ് ഓഫീസിലേക്ക് കൊണ്ടുപോകുന്നു

കൊടുമൺ 
രോഗത്തിന്റെ ബുദ്ധിമുട്ടുകൾ ഏറ്റവും കൂടുതൽ അനുഭവിച്ച പാർത്ഥിവ്‌ ഡോക്ടറാവാൻ തീരുമാനിച്ചതിൽ അത്ഭുതമില്ല. എല്ലുകൾക്ക് ബലക്ഷയം സംഭവിക്കുന്ന അപൂർവരോഗം ബാധിച്ച് അഞ്ചുവർഷത്തിനിടെ 12 ശസ്‌ത്രക്രിയക്ക്‌ വിധേയനായ വിദ്യാർഥിയാണ്‌ നീറ്റ് പരീക്ഷയിൽ മികച്ച വിജയം നേടി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എംബിബിഎസി പ്രവേശനം നേടിയത്‌.
അങ്ങാടിക്കൽ തെക്ക് വയണകുന്നിൽ പ്ലാങ്കുട്ടത്തിൽ പാർത്ഥിവിന്റെ ശരീരത്ത് എവിടെയെങ്കിലും ചെറുതായൊന്ന് തട്ടിയാൽ പോലും എല്ലുകൾ ഒടിയുമായിരുന്നു. കൈയൊടിഞ്ഞതിനുള്ള ചികിത്സ പൂർത്തിയാകും മുമ്പ് കാലൊടിഞ്ഞ് കട്ടിലിൽ അഭയം തേടുന്ന അവസ്ഥ. കാലുകൾ ശസ്‌ത്രക്രിയയിലൂടെ കമ്പിയിട്ട് ബലപ്പെടുത്തിയ ശേഷമാണിപ്പോൾ ചുവടുവയ്ക്കാൻ തുടങ്ങിയത്. അതിനുമുമ്പ് വീടിനുള്ളിൽ പോലും അധികസമയം നടക്കില്ല. പ്രാഥമിക കൃത്യങ്ങൾക്ക് ശേഷം മുറിക്കുള്ളിൽത്തന്നെയായിരുന്നു കൂടുതൽ സമയം. യന്ത്രക്കസേരയിലിരുന്നാണ് ആദ്യകാലങ്ങളിൽ സ്കൂളിൽ പോയത്. പിന്നീട് ഓട്ടോറിക്ഷയിലും. എട്ട്‌ വയസ്സിനും 13 വയസ്സിനുമിടയിലാണ്‌ 12 ശസ്‌ത്രക്രിയ ചെയ്‌തത്‌. സാധാരണ കുട്ടികൾ ഓടക്കളിച്ചു നടന്നപ്പോൾ ആശുപത്രിയിലും വീട്ടിലെ കിടക്കയിലുമായി ബാല്യം കഴിച്ചു കൂട്ടി. എന്നിട്ടും പ്രയാസങ്ങൾ മുഖത്ത് ഒരിക്കലും പ്രകടമായിട്ടില്ലെന്ന്  പാർത്ഥിവ്‌ പഠിച്ച എസ് എൻ വി സ്കൂളിലെ പ്രിൻസിപ്പാൾ സി പ്രകാശ് പറഞ്ഞു. എസ്എസ്എൽസിക്കും പ്ലസ്ടുവിനും എല്ലാ വിഷയത്തിനും എപ്ലസ് വാങ്ങി വിജയിച്ചു.
ഒരേ സമയം ഇടതുകൈ കൊണ്ട് ഇടത്തേക്കും വലതുകൈ കൊണ്ട്‌ വലത്തേക്കും എഴുതും. വലതു കൈ ഒടിഞ്ഞ് ചികിത്സയിലായിരുന്നപ്പോൾ ഇടതുകൈ കൊണ്ട് എഴുതാൻ പരിശീലിച്ചു. ഇങ്ങനെ രണ്ടുകൈ കൊണ്ടും ഒരേപോലെ എഴുതുന്ന കഴിവ്‌ നേടി. 
ആത്മവിശ്വാസത്തോടെ വിജയത്തിന്റെ പടവുകൾ കയറിയ പാർത്ഥിവ് ആഗ്രഹിച്ച തൊഴിൽ സ്വന്തമാക്കാൻ പോകുന്നതിന്റെ സന്തോഷത്തിലാണ് അച്ഛൻ പ്രദീപും അമ്മ ഇന്ദുവും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top