പത്തനംതിട്ട
മാലിന്യമുക്ത കേരളം, നവകേരളം പദ്ധതി എന്നിവയുടെ ഭാഗമായി ജില്ലയിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ മാലിന്യനിവാരണത്തിന് 492 പദ്ധതികൾ സമർപ്പിച്ചു. പഞ്ചായത്തുകളുടെ നേതൃത്വത്തിൽ 465ഉം നാല് നഗരസഭകളുടെ നേതൃത്വത്തിൽ 27ഉം പദ്ധതികളാണ് നല്‍കിയിട്ടുള്ളത്.
വിശദ രൂപരേഖ പരിശോധിച്ച ശേഷം കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്റിന്റെ നിര്‍ദേശത്തോടെയാണ് പദ്ധതിയാരംഭിക്കുക. ഈ വർഷംതന്നെ പദ്ധതി പ്രാവര്‍ത്തികമാക്കാൻ നടപടി തുടങ്ങും.
"എന്റെ മാലിന്യം എന്റെ ഉത്തരവാദിത്തം' എന്നതാണ് സർക്കാർ നയം. ഇതിന്റെ ഭാഗമായാണ് മാലിന്യം ഉറവിടത്തിൽ തന്നെ സംസ്കരിക്കുകയെന്നതും. അതിന് ജനങ്ങളെ ബോധവൽക്കരിക്കുകയെന്ന സന്ദേശവുമായി സംസ്ഥാന സർക്കാർ വിവിധ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. സ്കൂൾ വിദ്യാർഥികൾ മുതൽ മാലിന്യ മുക്ത സന്ദേശം നൽകാനുള്ള പരിപാടികൾ ഇതിനകം തുടങ്ങിക്കഴിഞ്ഞു. നിലവിൽ മിനി എംസിഎഫുകളും എംസിഎഫുകളും വിവിധ തദ്ദേശസ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്നു. എന്നാൽ പലയിടത്തും യഥാസമയം മാലിന്യം എംസിഎഫുകളില്‍നിന്ന് മാറ്റാൻ കാലതാമസം വരുന്നു. താമസം കുറയ്ക്കാന്‍ കൂടുതല്‍ എംസിഎഫുകൾ സ്ഥാപിക്കാനും അനുമതി നൽകിയിട്ടുണ്ട്. എംസിഎഫുകളില്‍നിന്ന് മാലിന്യം നീക്കാനാവശ്യമായ വാഹനങ്ങളുടെ ലഭ്യതക്കുറവും ചില മേഖലകളിൽ യഥാസമയം മാറ്റാൻ തടസ്സം നേരിടുന്നതായി തദ്ദേശസ്ഥാപന അധികൃതർ പറഞ്ഞു.
കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്റ് അധികൃതർ വിവിധ തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതികൾ പരിശോധിച്ച് ഓരോ തദ്ദേശസ്ഥാപനത്തിനും അനുയോജ്യമായതെന്നും മാലിന്യമുക്തമാക്കാൻ സ്വീകരിക്കേണ്ട നടപടികളില്‍ ഓരോ സ്ഥാപനത്തിനും ഏതു മേഖലയിലാണ് കുറവെന്നും പരിശോധിച്ച് അംഗീകാരം നല്‍കും. ജില്ലാ ആസൂത്രണസമിതിയുടെ അംഗീകാരത്തോടെയാണ് പദ്ധതി നടപ്പാക്കുക. 2025 മാർച്ച് 31നകം പരമാവധി പദ്ധതികളും പൂർത്തിയാക്കാനാണ് ലക്ഷ്യം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..