കട്ടപ്പന > കട്ടപ്പന റൂറൽ ബാങ്കിനു മുമ്പിൽ ആത്മഹത്യ ചെയ്ത മുളങ്ങാശേരി സാബു(50) ആവശ്യപ്പെട്ട തുക തൊട്ടടുത്ത ദിവസം തന്നെ നൽകാമെന്ന് ഉറപ്പ് നൽകിയിരുന്നതായി ബാങ്ക് അധികൃതർ. പത്തുവർഷത്തോളമായി ബാങ്കുമായി ഇദ്ദേഹത്തിന് നല്ല ബന്ധമായിരുന്നുവെന്നും ഇടപാടുകാരന്റെ താത്പര്യപ്രകാരം മുൻപ് ആവശ്യപ്പെട്ടപ്പോഴൊക്കെ തുക പിൻവലിച്ചിട്ടുണ്ടെന്നും ബാങ്ക് വ്യക്തമാക്കി.
സാബു നിക്ഷേപിച്ചിരുന്ന 90 ലക്ഷം രൂപയിൽ ഇനി കൊടുക്കാനുള്ളത് 12 ലക്ഷം രൂപയാണ്. ഓരോ മാസവും ഒന്നേകാൽ ലക്ഷം രൂപ വീതം പിൻവലിക്കണമെന്നായിരുന്നു ഇദ്ദേഹം ബാങ്കിനോട് ആവശ്യപ്പെട്ടിരുന്നത്. ഈ മാസം 30 ന് കൊടുക്കേണ്ട തുക 15 ന് ബാങ്ക് നൽകുകയും ചെയ്തിരുന്നു. കൂടുതൽ തുക ഇടുകയും ആവശ്യത്തിനനുസരിച്ച് പിൻവലിക്കുകയും ചെയ്യാറുണ്ടായിരുന്നു. മുമ്പ് ഇട്ടിരുന്ന 60 ലക്ഷം 2021 ൽ ഒറ്റയടിക്ക് പിൻ വലിച്ചിട്ടുമുണ്ട്.
അതിനു ശേഷമാണ് പലപ്പോഴായി 90 ലക്ഷം നിക്ഷേപിച്ചത്. ആവശ്യാനുസരണം 30 ലക്ഷം, 10 ലക്ഷം, 5 ലക്ഷം എന്നിങ്ങനെ പിൻവലിച്ചിട്ടുമുണ്ട്. പിന്നീടാണ് പ്രതിമാസം ഒന്നേകാൽ ലക്ഷം തന്നാൽ മതിയെന്ന് ബാങ്കുമായി ധാരണയിലെത്തിയത്. ഈ മാസത്തേയും നേരത്തെ വാങ്ങി. വ്യാഴാഴ്ച ആവശ്യപ്പെട്ട തുക വെള്ളിയാഴ്ച നൽകാമെന്ന് ഉറപ്പ് നൽകിയിരുന്നതായും ബാങ്ക് അധികൃതർ പറയുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..