23 November Saturday

രണ്ടുരുൾ എങ്ങും ഇരുൾ, നിലവിളി ; കണ്ണീർ ചിത്രമായി മുണ്ടക്കൈ

സ്വന്തം ലേഖകന്‍Updated: Wednesday Jul 31, 2024


ചൂരൽമല
ആയിരത്തോളംപേർ അധിവസിച്ച നാട്‌ ഒറ്റരാത്രിയിൽ ഇല്ലാതായതിന്റെ കണ്ണീർ ചിത്രമാണ്‌ മുണ്ടക്കൈ. രണ്ട്‌ ഉരുൾപൊട്ടലുകളിലായി സർവതും തകർത്തെറിഞ്ഞ്‌ കുതിച്ചെത്തിയ മലവെള്ളത്തിൽ നിമിഷങ്ങൾക്കുള്ളിൽ ആ ഗ്രാമം മണ്ണിലാണ്ടു. കടകളിലും ആരാധനാലയങ്ങളിലും പാർടി ഓഫീസുകളിലും  സജീവമായിരുന്നവർ നാടിന്റെ വേദനയായി.

ദുരന്തവാർത്ത ചൊവ്വ പുലർച്ചെ എല്ലാവരും അറിഞ്ഞു. അവിടേക്ക്‌ പാലം ഒരുക്കാനായത്‌ വൈകിട്ടോടെ. സൈന്യത്തിന്റെ സഹായത്തോടെ ഒരുക്കിയ താൽക്കാലിക പാലത്തിലൂടെ രക്ഷാപ്രവർത്തകർ മറുകരയിൽ ബുധൻ രാവിലെ എത്തിയപ്പോഴാണ്‌ ദുരന്തചിത്രം പുറംലോകമറിഞ്ഞത്‌. ചൂരൽമലയിൽനിന്ന്‌ മുണ്ടക്കൈയിലേക്ക്‌ തേയിലത്തോട്ടങ്ങൾക്കിടയിലൂടെ വളഞ്ഞും പുളഞ്ഞും കയറ്റംകയറിയും മൂന്ന്‌ കിലോമീറ്ററുണ്ട്‌. അങ്ങിങ്ങായി പാടികൾ. മുണ്ടക്കൈ എൽപി സ്കൂൾ, ചുരുക്കം വീടുകൾ. ഇതെല്ലാമാണ്‌ മേപ്പാടിയിലെ മുണ്ടക്കൈ വാർഡ്‌. 900 വോട്ടർമാരുള്ള ഇവിടെ കേടുപറ്റാതെ ഇനി ഏതാനും വീടുകൾമാത്രം.

മുണ്ടക്കൈയിൽനിന്ന്‌ രണ്ടര കിലോമീറ്റർ ഉയരത്തിലുള്ള പുഞ്ചിരിമട്ടത്തിലുണ്ടായ ഉരുൾപൊട്ടൽ ചൂരൽമല പുഴയുടെ ഇരുകരകളെയും കവർന്നു. ശക്തമായ ഒഴുക്കല്ല മുണ്ടക്കൈയ്ക്ക്‌ പരിക്കേൽപ്പിച്ചത്‌, കുത്തിയൊലിച്ചെത്തിയ പുഴവെള്ളവും മണ്ണും കല്ലും പാറക്കെട്ടിൽ ഇടിച്ച്‌ ഗതിമാറി അങ്ങാടിയിലേക്ക്‌ ഇരച്ചുകയറിയതാണ്‌. ഇതോടെ കടകളും പള്ളിയും വീടുകളും പൂർണമായും തകർന്നു.വീടുകളുടെ ചുവരുകൾ അടർന്ന്‌ കോൺക്രീറ്റ്‌ സ്ലാബുകൾ താഴ്‌ന്നതോടെയാണ്‌ പലരും അകപ്പെട്ടത്‌. മലവെള്ളപ്പാച്ചിലിന്റെ ശക്തിയിൽ പാടികൾ പകുതിയോളം തകർന്നു. ഗവ. എൽപി സ്കൂൾ, എസ്റ്റേറ്റ്‌ ഡിസ്‌പൻസറി, സ്റ്റാഫുകളുടെ വീടുകൾ എന്നിവയ്‌ക്കും വലിയ മരങ്ങൾ കുത്തിയൊലിച്ചെത്തി കേടുപാടുണ്ടായി.


 

‘എങ്ങും നിലവിളി; 
2 പേരെ 
വലിച്ചെടുത്തു’
ദുരന്തമുഖത്തുനിന്ന്‌ രണ്ടുപേരെ രക്ഷിക്കാനായതിന്റെ ആശ്വാസത്തിലാണ്‌ മുണ്ടക്കൈയിലെ ചെനക്കൻ അലവിക്കുട്ടിയും ഭാര്യ റഷീദയും. രാത്രി മുഴുവൻ ദുരന്തഭൂമിയിൽ കഴിഞ്ഞതിന്റെ ഞെട്ടൽ ഇപ്പോഴും അലവിക്കുട്ടിയുടെ മുഖത്തുണ്ട്‌.

അതിഭീകരമായ ശബ്ദംകേട്ട്‌ ഞെട്ടിയുണരുകയായിരുന്നു ഇരുവരും. ‘എന്താണ്‌, എവിടെയാണ്‌ സംഭവിച്ചെതെന്ന്‌ ഒരു വ്യക്തതയുമില്ല. പാടിയുടെ പിറകിലൂടെ ഇറങ്ങിയോടി. കുറച്ച്‌ കഴിഞ്ഞപ്പോൾ ശബ്ദം കുറഞ്ഞു. അതോടെ റോഡിലേക്ക്‌ വന്നു. അവിടെയാകെ മണ്ണടിഞ്ഞിരിക്കുന്നു. കുറച്ച്‌ മുന്നോട്ടുപോയപ്പോഴാണ്‌ ജബ്രാനും മരുമകളും മണ്ണിൽ കുടുങ്ങിക്കിടക്കുന്നത്‌ കണ്ടത്‌. ഇവരെ വലിച്ച്‌ പുറത്തെത്തിച്ചു. പിന്നെ ഒന്നിനും കഴിഞ്ഞില്ല. പലയിടത്തുനിന്നും ‘രക്ഷിക്കണേ’യെന്ന നിലവിളി. അവിടേക്കൊന്നും പോകാൻ പറ്റിയില്ല. നിറയെ ചെളിയല്ലേ. രണ്ടുപേരെയും പാടിയിലെത്തിച്ച്‌ ചെളി കളഞ്ഞു. പിന്നെ ബംഗ്ലാവ്‌ ഭാഗത്തെത്തിച്ചു. പക്ഷേ വെള്ളാരംകുന്ന്‌ ഭാഗത്തെത്തിയപ്പോൾ രണ്ടാമത്തെ ഉരുൾപൊട്ടലുണ്ടായി. അതോടെ ചായക്കാട്ടിലെ വേറൊരു കുന്നിലേക്ക്‌ ഓടിക്കയറി–- അലവിക്കുട്ടി പറഞ്ഞു.


 

അതിനാൽ ഞാനിപ്പോഴും...
"എങ്ങനെയോ രക്ഷപ്പെട്ടതാണ്‌, ഒന്നരയോടെ വലിയ ശബ്‌ദംകേട്ട്‌ നോക്കുമ്പോൾ വീട്ടുമുറ്റത്തെല്ലാം വെള്ളം. ഒട്ടും താമസിക്കാതെ അമ്മയ്‌ക്കും ഭർത്താവിനുമൊപ്പം മറ്റൊരു വീട്ടിലേക്ക്‌  ഓടിപ്പോയതിനാലാണ്‌ ഇപ്പോഴും ജീവനോടെയിരിക്കുന്നത്‌' ചൂരൽമല സ്‌കൂൾ റോഡിനടുത്ത്‌ താമസിക്കുന്ന ഭാരതി(49) ക്ക്‌ ഇപ്പോഴും രക്ഷപ്പെട്ടത്‌ വിശ്വസിക്കാനാവുന്നില്ല. മേപ്പാടി സെന്റ്‌ജോസഫ്‌ എച്ച്‌എസ്‌എസിലെ ക്യാമ്പിലുള്ള ഭാരതി ഹൃദയശസ്‌ത്രക്രിയ കഴിഞ്ഞ്‌ കുറച്ച്‌ ദിവസങ്ങളേ ആയിട്ടുള്ളൂ. അതിനിടയിലാണ്‌ ഈ ദുരന്തം.  74കാരിയായ അമ്മ പാറുക്കുട്ടിയെ മുറുകെ പിടിച്ചായിരുന്നു രക്ഷപ്പെടാനുള്ള ഓട്ടം. ഓട്ടത്തിനിടയിൽ വീണ്‌ കാലിനും സാരമായി പരിക്കേറ്റു.  വീടെല്ലാം വെള്ളം കയറി നശിച്ചു.

അവിടെയായിരുന്നു എന്റെ വീട്‌, 
ആരെങ്കിലുമുണ്ടോ...’
‘അതാ അവിടെ, ആ വേലിക്കപ്പുറത്താണ്‌ വീട്‌ നിന്നിരുന്നത്‌. അവിടെ ആരെങ്കിലും ഉണ്ടോയെന്ന്‌ നോക്കോ’... ആ വാക്കുകൾ രക്ഷാപ്രവർത്തകരുടെയും കണ്ണുനിറച്ചു.
തൃശൂരിൽ കോച്ചിങ്‌ സെന്റർ മാനേജരായ മുണ്ടക്കൈ വടക്കേചരുവിൽ ശ്രീജിത്ത്‌ കുമാർ ഉരുൾപൊട്ടലിൽ വീട്‌ തകർന്നതറിഞ്ഞ്‌ ചൊവ്വ രാവിലെ ചൂരൽമലയിലെത്തിയതാണ്‌.  പാലവും റോഡും ഒലിച്ചുപോയതിനാൽ ബുധൻ  രാവിലെയാണ്‌ മുണ്ടക്കൈയിലെത്താനായത്‌. വീടുനിന്നിടത്ത്‌ ചളിക്കളം മാത്രം.
രണ്ടാഴ്‌ച മുമ്പാണ്‌ വീട്ടിൽനിന്ന്‌ പോയത്‌. ദുരന്തസമയത്ത്‌ അമ്മ രുഗ്മിണിയും സഹോദരൻ സജിമോനും സഹോദരിയുടെ മകൾ നന്ദയുമാണ്‌ വീട്ടിലുണ്ടായിരുന്നത്‌. ഇവരെക്കുറിച്ച്‌ വിവരമൊന്നുമില്ല. തൊട്ടുമുന്നിലായിരുന്നു അമ്മയുടെ ചേച്ചിയുടെ വീടും പൂർണമായി തകർന്നു.

കാണാതായവരിൽ 13 കർണാടകക്കാരും
"‌രാത്രി ഒന്നരയോടെ വലിയ ഒച്ചകേട്ട്‌ നോക്കുമ്പോൾ പാടിയുടെ അരികിൽ വെള്ളമൊഴുകുന്നു. ഒന്നും നോക്കിയില്ല, ഭാര്യയെയും മക്കളെയും കൂട്ടി അയൽവാസികൾക്കൊപ്പം ചൂരൽമല ബംഗ്ലാവ്‌ കുന്നിലേക്ക്‌ ഓടി. കുറച്ച്‌ കഴിഞ്ഞതോടെ ഞങ്ങൾ നിന്നിടത്തെല്ലാം വെള്ളം നിറഞ്ഞു'–- 40 വർഷമായി ചൂരമലയിലെ എസ്റ്റേറ്റിൽ പണിയെടുക്കുന്ന കർണാടക ചാമരാജ്‌ നഗർ സ്വദേശി സിദ്ധരാജ്‌ (65)  രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ്‌. മുണ്ടക്കൈ, പുത്തുമല ഭാഗത്തെല്ലാം അപകടം ഉണ്ടാവുമ്പോഴും ഈ ഭാഗത്തെ ബാധിക്കാറുണ്ടായിരുന്നില്ലെന്നും സിദ്ധരാജ്‌ പറഞ്ഞു. കർണാടകത്തിലെ ഗുണ്ടൽപേട്ട, ചാമരാജ്‌ നഗർ പ്രദേശത്തുനിന്നും 45 പേർ ഇവിടെ ജോലിചെയ്യുന്നുണ്ട്‌. എല്ലാവരും  കുടുംബസമേതം ചൂരൽമലയിലും പരിസരത്തുമാണ്‌ താമസം.  13 പേരെ കാണാതായെന്നും രണ്ടുപേരുടെ മൃതദേഹം തിരിച്ചറിഞ്ഞെന്നും ഗുണ്ടൽപേട്ട തഹസിൽദാർ ടി രമേശ്‌ബാബു പറഞ്ഞു. ദുരന്തമറിഞ്ഞ്‌ കർണാടക പൊലീസ്‌, റവന്യൂ ഉദ്യോഗസ്ഥരടക്കം 13പേർ ജില്ലയിലെത്തിയിട്ടുണ്ട്‌.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top