21 November Thursday

ഗ്രൂപ്പിലെ വരുമാനം തട്ടിയെടുത്തു, പരാതിയിൽ കൈമലർത്തി ഫെയ്‌സ്‌ബുക്

ശ്രീരാജ്‌ ഓണക്കൂർUpdated: Thursday Aug 29, 2024

കൊച്ചി> ഫെയ്‌സ്‌ബുക് ഗ്രൂപ്പിലെ വരുമാനം തട്ടിയെടുത്ത്‌ സൈബർ തട്ടിപ്പുസംഘം. എന്നാൽ, സംഭവത്തെക്കുറിച്ച്‌ പരാതി നൽകിയപ്പോൾ കൈമലർത്തി ഫെയ്‌സ്‌ബുക് അധികൃതർ. കൊല്ലം സ്വദേശികൾക്കാണ്‌ ഈ ദുരനുഭവം. കൊല്ലം കേന്ദ്രീകരിച്ചുള്ള ഫെയ്‌സ്‌ബുക് ന്യൂസ്‌ ചാനലിലെ വരുമാനമാണ്‌ സൈബർ തട്ടിപ്പുകാർ ഹാക്ക്‌ ചെയ്‌ത്‌ തട്ടിയെടുത്തത്‌. കൊല്ലം സ്വദേശികൾ പൊലീസിന്‌ പരാതി നൽകി. പൊലീസ്‌ ഫെയ്‌സ്‌ബുക് അധികൃതർക്ക്‌ പരാതി കൈമാറി. എന്നാൽ, പണം തട്ടിയെടുത്തവർ പാകിസ്ഥാനിലുള്ളവരായതിനാൽ അവിടത്തെ സർക്കാരിന്‌ പരാതി നൽകാൻ പറഞ്ഞ്‌ ഫെയ്‌സ്‌ബുക് കൈയൊഴിയുകയായിരുന്നു.

ഇത്തരം തട്ടിപ്പ്‌ നടക്കുമ്പോൾ ഫെയ്‌സ്‌ബുക്കിന്‌ ഒഴിഞ്ഞുമാറാനാകില്ലെന്ന്‌ സൈബർ നിയമവിദഗ്‌ധൻ കളമശേരി സ്വദേശി ജിയാസ്‌ ജമാൽ പറയുന്നു. പരാതി ലഭിച്ചാൽ സൈബർ തട്ടിപ്പ്‌ നടത്തിയ അക്കൗണ്ടുകൾ മരവിപ്പിക്കാൻ ഫെയ്‌സ്‌ബുക് തയ്യാറാകണം. എന്നാൽ, ഇതിന്‌ തയ്യാറാകാതെ മറ്റു രാജ്യങ്ങളിൽ പോയി പരാതി നൽകാൻ ആവശ്യപ്പെടുന്നത്‌ ഉത്തരവാദിത്വത്തിൽനിന്നുള്ള ഒളിച്ചോട്ടവും നിയമവിരുദ്ധവുമാണെന്നും ജിയാസ്‌ ജമാൽ പറഞ്ഞു. സമൂഹമാധ്യമങ്ങളിൽനിന്ന്‌ വരുമാനം ലഭിക്കുന്നവരുടെ എണ്ണം വർധിച്ചുവരികയാണ്‌. ഇത്തരത്തിൽ വരുമാനം ലഭിക്കുന്നവർ ഹാക്കർമാരിൽനിന്ന്‌ കൂടുതൽ ജാഗ്രത പുലർത്തണമെന്നാണ്‌ സംഭവങ്ങൾ സൂചിപ്പിക്കുന്നത്‌. പരിചയമില്ലാത്ത അക്കൗണ്ടുകളിൽനിന്ന്‌ വരുന്ന ലിങ്കുകൾ തുറക്കുകയോ സോഫ്‌റ്റ്‌വെയറുകൾ ഇൻസ്റ്റാൾ ചെയ്യുകയോ ചെയ്യരുതെന്നും സൈബർ വിദഗ്‌ധർ മുന്നറിയിപ്പ്‌ നൽകുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top