തിരുവനനന്തപുരം
തദ്ദേശ വാർഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ ജില്ലയിൽ എൽഡിഎഫ് നേടിയ സമ്പൂർണവിജയം യുഡിഎഫിനും ബിജെപിക്കും എതിരായ ശക്തമായ ജനവികാരത്തിന്റെ തെളിവ്. എൽഡിഎഫിൽ ജനങ്ങൾക്കുള്ള വിശ്വാസം വർധിക്കുന്നതിന്റെ ഉദാഹരണമായും ഫലം വിലയിരുത്തപ്പെടുന്നുണ്ട്.
എട്ടിടത്തും ദയനീയനിലയിലായ ബിജെപിയെ ഏഴിടത്ത് ജനങ്ങൾ മൂന്നാംസ്ഥാനത്തേക്ക് തള്ളി. പെരിങ്ങമ്മല പഞ്ചായത്തിലെ മടത്തറ വാർഡിലെ സ്ഥാനാർഥിക്ക് ലഭിച്ചത് 17 വോട്ടുമാത്രം. കൊല്ലായിൽ വാർഡിൽ 80 വോട്ടുകൊണ്ട് തൃപ്‌തിപ്പെടേണ്ടിവന്നു. കരവാരം പഞ്ചായത്തിലെ പട്ട്‌ള വാർഡിൽ മാത്രമാണ് ബിജെപിക്ക് രണ്ടാംസ്ഥാനത്തെങ്കിലും എത്താൻ കഴിഞ്ഞത്. രണ്ടുവാർഡുകൾ നഷ്‌ടപ്പെട്ടതോടെ അവരുടെ കൈവശമുള്ള കരവാരം പഞ്ചായത്ത് ഭരണവും അനിശ്‌ചിതത്വത്തിലായിട്ടുണ്ട്.
കനത്ത തിരിച്ചടിയേറ്റതോടെ കോൺഗ്രസിലും ബിജെപിയിലും ആഭ്യന്തരകലഹം രൂക്ഷമായി. ജില്ലയിൽ ബിജെപിക്ക് ഭരണമുള്ള രണ്ടു പഞ്ചായത്തുകളിൽ ഒന്നായ കരവാരത്ത് ഭരണസമിതിയോടും ജില്ലാ നേതൃത്വത്തോടുമുള്ള എതിർപ്പിനെത്തുടർന്നാണ് രണ്ട് അംഗങ്ങൾ രാജിവച്ചത്.
ആറ്റിങ്ങൽ നഗരസഭയിലും ഇതേ കാരണത്താലാണ് രണ്ട് ബിജെപി കൗൺസിലർമാർ രാജിവച്ചത്.
പെരിങ്ങമ്മലയിൽ കൈയിലുണ്ടായിരുന്ന മൂന്നുവാർഡുകളും പഞ്ചായത്ത് ഭരണവും നഷ്‌ടപ്പെട്ടതോടെ യുഡിഎഫിലും കോൺഗ്രസിലും അസ്വാരസ്യങ്ങൾ മൂർച്ഛിച്ചു. ഡിസിസി പ്രസിന്റ് പാലോട് രവിക്കെതിരെ എതിർപക്ഷം ആക്രമണം ശക്തമാക്കി.
സ്വന്തം നാടായ പെരിങ്ങമ്മലയിൽ പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെ രാജിവച്ച് സിപിഐ എമ്മിൽ ചേർന്നപ്പോൾത്തന്നെ അദ്ദേഹം ഡിസിസി പ്രസിഡന്റ് പദവി ഒഴിയണം എന്ന് ആവശ്യമുയർന്നിരുന്നു.
എതിരാളികളുടെ കണ്ണിൽ പൊടിയിടുന്നതിനുവേണ്ടി രാജിക്കത്ത് നൽകിയ അദ്ദേഹം പിന്നീട് പിൻവലിച്ചു. ഉപതെരഞ്ഞെടുപ്പിൽ വാർഡുകൾ നഷ്‌ടപ്പെട്ടതോടെ പാലോട് രവിക്കെതിരായ നീക്കം കടുപ്പിക്കാനാണ് എതിർവിഭാഗത്തിന്റെ തീരുമാനം. വെള്ളനാട് ഡിവിഷൻ നഷ്‌ടപ്പെട്ടതോടെ ജില്ലാ പഞ്ചായത്തിൽ കോൺഗ്രസിന്റെ അംഗസംഖ്യ അഞ്ചായി ചുരുങ്ങി. സംസ്ഥാന, ജില്ലാ നേതൃത്വത്തിനോടുള്ള എതിർപ്പും കോൺഗ്രസിന്റെ നിലപാടില്ലായ്‌മയും കാരണമാണ് വെള്ളനാട് ശശി സ്ഥാനങ്ങൾ രാജിവച്ച് സിപിഐ എമ്മിനൊപ്പം ചേർന്നത്. എൽഡിഎഫ് അദ്ദേഹത്തെത്തന്നെ വീണ്ടും മത്സരിപ്പിച്ച് ഡിവിഷൻ തിരിച്ചുപിടിക്കുകയായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..