19 December Thursday
കെഎൽഎസ്എസ്എ വാർഷിക സമ്മേളനത്തിന്‌ തുടക്കം

സാലറി ചലഞ്ചിൽ സർക്കാരിന് നിർബന്ധബുദ്ധിയില്ല: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Sunday Sep 1, 2024

കേരള ലെജിസ്ലേച്ചർ സെക്രട്ടറിയറ്റ് സ്റ്റാഫ് അസോസിയേഷൻ വാർഷിക സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യുന്നു. സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലൻ, ജില്ലാ സെക്രട്ടറി വി ജോയി എന്നിവർ സമീപം

തിരുവനന്തപുരം
വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് സർക്കാർ ജീവനക്കാർക്ക് ഏർപ്പെടുത്തിയ സാലറി ചലഞ്ചിന്റെ കാര്യത്തിൽ സർക്കാരിന്‌ ഒരു നിർബന്ധബുദ്ധിയുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള ലെജിസ്ലേച്ചർ സെക്രട്ടറിയറ്റ്‌ സ്റ്റാഫ്‌ അസോസിയേഷൻ (കെഎൽഎസ്എസ്എ) 66–--ാം വാർഷിക സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ദുരിതാശ്വാസനിധിയിലേക്ക്‌ സഹായം നൽകേണ്ടതിന്‌ സർക്കാരിന്റെ ഭാഗത്തുനിന്ന്‌ നിർബന്ധം ഉണ്ടെന്ന വ്യാഖ്യാനം ചില ഇടങ്ങളിൽനിന്നുണ്ടായതായി ശ്രദ്ധയിൽ പെട്ടു. പ്രതിസന്ധികളെ ഒത്തൊരുമയോടെ നേരിടുകയെന്നതാണ്‌ കേരളം രാജ്യത്തിനും ലോകത്തിനും മുന്നിൽ വയ്‌ക്കുന്ന മാതൃക. സാമൂഹ്യ പ്രതിബദ്ധത മുൻനിർത്തി എല്ലാ ജീവനക്കാരും അവർക്കാകുംവിധം സാലറി ചലഞ്ചിൽ പങ്കാളികളാകണം. വയനാട് ദുരന്തം നേരിടാൻ ആവശ്യമായ കേന്ദ്ര സഹായം ലഭിക്കുമെന്നാണ് കരുതുന്നത്. രാജ്യത്താകെ നടക്കുന്ന സിവിൽ സർവീസ് നിയമനങ്ങളിൽ 55 ശതമാനവും കേരളത്തിലാണ്. ആധുനിക കേരളത്തിന്റെ ചരിത്രത്തിനൊപ്പം സഞ്ചരിച്ച അസോസിയേഷൻ സംസ്ഥാനം ദുരന്തങ്ങളെ അഭിമുഖീകരിച്ച അവസരങ്ങളിലെല്ലാം സാമൂഹ്യപ്രതിബദ്ധത തെളിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
അയ്യൻകാളി ഹാളിൽ (സ. ആനത്തലവട്ടം ആനന്ദൻ നഗർ) നടന്ന ചടങ്ങിൽ അസോസിയേഷൻ പ്രസിഡന്റ്‌ കെ ഷൂജ അധ്യക്ഷയായി. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ആഘോഷ പരിപാടികൾ ഒഴിവാക്കി സമാഹരിച്ച മൂന്നു ലക്ഷം രൂപ ചടങ്ങിൽവച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ കൈമാറി. അസോസിയേഷന്റെ മുഖപത്രമായ ലെജിസ്ലേച്ചർ സർവീസിന്റെ ആദ്യ പതിപ്പിന്റെ പ്രകാശനവും മുഖ്യമന്ത്രി നിർവഹിച്ചു. സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലൻ, എൻജിഒ യൂണിയൻ ജനറൽ സെക്രട്ടറി എം എ അജിത് കുമാർ, കെഎസ്‌ടിഎ ജനറൽ സെക്രട്ടറി എച്ച്‌ ബദറുന്നീസ, കെജിഒഎ ജനറൽ സെക്രട്ടറി എം ഷാജഹാൻ, കേരള സെക്രട്ടറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി കെ എൻ അശോക് കുമാർ, കോൺഫെഡറേഷൻ ഓഫ് യൂണിവേഴ്സിറ്റി എംപ്ലോയീസ് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി ഹരിലാൽ, കേരള പിഎസ്‌സി എംപ്ലോയീസ് യൂണിയൻ ജനറൽ സെക്രട്ടറി കെ വി സുനുകുമാർ, കേരള ഗവ. നഴ്സസ് അസോസിയേഷൻ ജനറൽ സെക്രട്ടറി ടി സുബ്രഹ്മണ്യൻ എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ചെയർമാൻ വി ജോയി എംഎൽഎ സ്വാഗതവും അസോസിയേഷൻ ജനറൽ സെക്രട്ടറി എസ് സതികുമാർ നന്ദിയും പറഞ്ഞു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top