കിളിമാനൂർ
മകളെ വിവാഹം ചെയ്‌ത് നൽകാൻ വിസമ്മതിച്ചതിന്റെ പേരിൽ ആക്രമണത്തിനിരയായ അച്ഛൻ മരിച്ചു. ഞാവേലിക്കോണം മേലതിൽ വീട്ടിൽ ബിജു (41) ആണ് മരിച്ചത്. ബിജുവിനെ മർദിച്ച സംഭവത്തിൽ നേരത്തേ അറസ്‌റ്റിലായ മടത്തറ വളവുപച്ച തുമ്പമൺ തൊടി തടത്തരികത്ത് വീട്ടിൽ രാജീവ് (29) റിമാൻഡിലാണ്. പ്രതിക്കെതിരെ കൊലപാതക കേസ് കൂടി ചുമത്തുമെന്ന് കിളിമാനൂർ പൊലീസ് പറഞ്ഞു.
കഴിഞ്ഞ 17നാണ് ബിജുവിനെ രാജീവ് മർദിച്ചത്. മടത്തറ സ്വദേശിയായ രാജീവ് ബിജുവിന്റ വീടിനടുത്താണ് താമസം. ബിജുവിന്റെ മകളെ വിവാഹം കഴിക്കാൻ രാജീവ് ആഗ്രഹം പ്രകടിപ്പിച്ചു. പ്രായപൂർത്തിയാകാത്തതിനാൽ ബിജു വിസമ്മതിച്ചു. തുടർന്ന് സംഭവ ദിവസം രാത്രി ഒമ്പതിന് വീടിനടുത്ത് ജങ്‌ഷനിൽ നിന്ന ബിജുവിനെ രാജീവ് ആക്രമിക്കുകയും കല്ലുകൊണ്ട് തലയ്ക്കടിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ് ബിജു മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനി രാവിലെയാണ് മരിച്ചത്. കൂലിപ്പണിക്കാരനാണ്. ഭാര്യ: ലിജി (തൊഴിലുറപ്പ് തൊഴിലാളി). മക്കൾ: വിജി, ജിത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..