22 December Sunday

യുവതിയെ വെടിവച്ച ഡോക്ടറെ 
കസ്റ്റഡിയിൽ വാങ്ങും

സ്വന്തം ലേഖകൻUpdated: Friday Aug 2, 2024
തിരുവനന്തപുരം 
വീട്ടിൽ അതിക്രമിച്ചുകയറി യുവതിയെ വെടിവച്ച കേസിൽ റിമാൻഡിലായ പ്രതി ഡോ. ദീപ്‌തിമോൾ ജോസിനെ പൊലീസ്‌ കസ്റ്റഡിയിൽ വാങ്ങും. ആക്രമണത്തിന്‌ ഉപയോഗിച്ച തോക്കും മറ്റ്‌ തെളിവുകളും ശേഖരിക്കാനാണ്‌ ഇത്‌. 
 
ഞായർ രാവിലെയാണ്‌ പെരുന്താന്നി സ്വദേശിനിക്കുനേരെ ദീപ്‌തിമോൾ എയർഗൺ ഉപയോഗിച്ച്‌ വെടിയുതിർത്തത്‌. യുവതിയുടെ ഭർത്താവുമായി പ്രതിക്കുള്ള സൗഹൃദം തെറ്റിപ്പിരിഞ്ഞതാണ്‌ ആക്രമണ കാരണം. എയർഗൺ വാങ്ങിയത്‌ ഓൺലൈനിൽനിന്നാണെന്ന്‌ പ്രതിയുടെ മൊബൈൽ ഫോൺ പരിശോധിച്ചതിൽ വ്യക്തമായിട്ടുണ്ട്‌. എന്നാൽ, ഈ തോക്ക്‌ ഇനിയും കണ്ടെത്താനായിട്ടില്ല. കൊറിയർ വിമെൻ എന്ന വ്യാജേനയാണ്‌ ദീപ്‌തിമോൾ എത്തിയത്‌. കൊറിയർ ഷീറ്റിൽ ഒപ്പിട്ടുവാങ്ങുന്നതിനിടെ പാന്റിന്റെ പോക്കറ്റിൽ ഒളിപ്പിച്ച തോക്ക്‌ ഉപയോഗിച്ച്‌ വെടിവയ്‌ക്കുകയായിരുന്നു. തടയുന്നതിനിടെ യുവതിയുടെ കൈവെള്ളയിൽ വെടിയേറ്റു. ദീപ്‌തിമോൾ താമസിച്ചിരുന്ന പാരിപ്പള്ളിയിലെ ക്വാർട്ടേഴ്‌സിൽ ബുധനാഴ്‌ച തെളിവെടുപ്പിന്‌ എത്തിച്ചിരുന്നു. ആയൂർ അമ്പലംകുന്ന്‌ റോഡിലുള്ള വീട്ടിലും തെളിവെടുപ്പുനടത്തും. കൃത്യനിർവഹണത്തിന്‌ ഉപയോഗിച്ച കാറിൽ ഉപയോഗിച്ച വ്യാജ നമ്പർ പ്ലേറ്റ്‌ പതിച്ച സ്ഥാപനത്തിലും പെരുന്താന്നിയിൽ യുവതിയുടെ വീട്ടിലും ദീപ്‌തിയെ എത്തിച്ച്‌ തെളിവെടുക്കും. ഭാരതീയ ന്യായസംഹിതയിലെ 332 (ബി), 109, ആയുധ നിയമത്തിലെ 27 വകുപ്പുകൾ പ്രകാരമാണ്‌ ദീപ്തിമോൾക്കെതിരെ കേസെടുത്തിരിക്കുന്നത്‌.
 
ബലാത്സംഗത്തിന് കേസെടുത്തുയുവാവിനെതിരെ ഡോക്ടറുടെ പരാതി
 
തിരുവനന്തപുരം 
വനിതാ ഡോക്ടർ വീട്ടിൽ കയറി വെടിയുതിർത്ത സംഭവത്തിൽ യുവതിയുടെ ഭർത്താവിനെതിരെ ബലാത്സംഗക്കേസ്‌. പ്രതിയായ ഡോക്ടറുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ്‌ പെരുന്താന്നി സ്വദേശി സുജീത്‌ നായർക്കെതിരെ വഞ്ചിയൂർ പൊലീസ്‌ കേസെടുത്തത്‌.
സുജീത്‌ നായരുമായി സൗഹൃദമുണ്ടായിരുന്നു. ബലപ്രയോഗത്തിലൂടെ ശാരീരിക ബന്ധത്തിലേർപ്പെട്ടശേഷം സുജീത്‌ നായർ സൗഹൃദം അവസാനിപ്പിച്ചുവെന്നും ഇതിലുള്ള പ്രതികാരമായാണ്‌ ഇദ്ദേഹത്തിന്റെ ഭാര്യയെ വകവരുത്തണമെന്ന ചിന്തയിലേക്ക്‌ നയിച്ചതെന്നും ഡോക്ടർ മൊഴി നൽകിയിരുന്നു. 
ഇതിന്റെ അടിസ്ഥാനത്തിലാണ്‌ സുജീത്‌ നായർക്കെതിരെ ബലാത്സംഗ കുറ്റത്തിന്‌ കേസെടുത്തിരിക്കുന്നത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top