24 August Saturday

വയലിൻ മാന്ത്രികൻ മറഞ്ഞിട്ട്‌ ഇന്ന്‌ 2 വർഷം

വെബ് ഡെസ്‌ക്‌Updated: Friday Oct 2, 2020
തിരുവനന്തപുരം  
വയലിൻ തന്ത്രികളിൽ അത്ഭുതം വിരിയിച്ച ബാലുവിനെ വാഹനാപകടം കവര്‍ന്നിട്ട് രണ്ടു വര്‍ഷം. അപകടശേഷം ഒരാഴ്ചയോളം ആശുപത്രിയില്‍ കിടന്നെങ്കിലും ആരാധകരെ വേദനയിലാഴ്ത്തിയാണ് വയലിൻ മാന്ത്രികൻ ബാലഭാസ്കര്‍ മരണത്തിനു കീഴടങ്ങിയത്.
 
2018 സെപ്‌തംബർ 25നു നടന്ന അപകടവും ഒക്‌ടോബർ രണ്ടിനു ബാലുവി​ന്റെ മരണവും ഇന്നും ചില നിഴലുകള്‍ക്കുള്ളിലാണ്.
 
ഏകമകള്‍ തേജസ്വിനി ബാലയുടെ പേരിലുള്ള വഴിപാടിനായി തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ പോയി മടങ്ങവെ കഴക്കൂട്ടം ദേശീയപാതയിൽ പള്ളിപ്പുറം ജങ്‌ഷനിലാണ്‌  കാർ അപകടത്തിൽപ്പെട്ടത്‌. മകൾ തൽക്ഷണം മരിച്ചു. ഭാര്യ ലക്ഷ്‌മിയും ഒപ്പമുണ്ടായിരുന്ന അർജുനും രക്ഷപ്പെട്ടു. ബാലു മടങ്ങിവരുമെന്ന ശുഭപ്രതീക്ഷയിലായിരുന്നു ഒന്നിന്‌ വൈകിട്ടുവരെയും ആശുപത്രി അധികൃതരുടെ പ്രതികരണം. ഒന്നിന് ആശുപത്രിയിൽ എത്തി ബാലുവിനെ കണ്ട സംഗീതജ്ഞൻ സ്റ്റീഫൻ ദേവസിയും അതേ പ്രതീക്ഷ പങ്കുവച്ചു.  എന്നാൽ, രണ്ടിനു പുലര്‍ച്ചെ ആ പ്രതീക്ഷകള്‍ അസ്തമിച്ചു. 
 
സംഭവത്തിൽ സിബിഐ അന്വേഷണം നിർണായക ഘട്ടത്തിലാണ്‌. സംശയമുനയിലുള്ള മൂന്നുപേരെ ചോദ്യം ചെയ്തുകഴിഞ്ഞു. നാലുപേരുടെ നുണപരിശോധനയും കഴിഞ്ഞു. ഇതിന്റെ ഫലം വരുന്നതോടെ നിർണായക ചോദ്യങ്ങൾക്കുള്ള ഉത്തരം കിട്ടുമെന്ന പ്രതീക്ഷയിലാണ്‌ സിബിഐ. 
 
മരണത്തിനു പിന്നിൽ സ്വർണക്കടത്തു സംഘത്തിന്‌ പങ്കുണ്ടോയെന്നത്‌ പ്രധാന സംശയമാണ്‌. കലാഭവൻ സോബിയും ബാലഭാസ്കറിന്റെ കുടുംബവുമാണ്‌ ഈ സംശയം ആദ്യമായി ഉന്നയിച്ചത്‌. ബാലഭാസ്കറിന്റെ പരിപാടികളുടെ സംഘാടകൻ പ്രകാശൻ തമ്പിയെയും നികുതി ഇടപാടുകൾ നടത്തിയിരുന്ന വിഷ്‌ണു സോമസുന്ദരത്തിനെയും സ്വർണക്കടത്തു കേസിൽ അറസ്റ്റുചെയ്തിരുന്നു. ഇതിന്റെ വെളിച്ചത്തിൽ സാമ്പത്തിക ഇടപാടുകളിലെ അന്വേഷണവും സിബിഐ ആരംഭിച്ചിട്ടുണ്ട്‌. ബാലഭാസ്കറിന്റെ ബാൻഡ്‌ അംഗങ്ങളെയും അടുത്ത ദിവസങ്ങളിൽ ചോദ്യം ചെയ്യും. ബാലഭാസ്കറും ഭാര്യ ലക്ഷ്‌മിയും ചികിത്സയിലിരിക്കെ ചില അസ്വാഭാവിക നീക്കങ്ങള്‍ നടന്നുവെന്ന ആരോപണത്തിൽ ആശുപത്രിയിലും അന്വേഷണം നടത്തും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top