23 December Monday
നവരാത്രി എഴുന്നള്ളത്തിന് തുടക്കം

പത്മനാഭപുരം കൊട്ടാരത്തിൽ ഉടവാൾ കൈമാറി

വെബ് ഡെസ്‌ക്‌Updated: Wednesday Oct 2, 2024

നവരാത്രി എഴുന്നള്ളത്തിന്റെ ഭാ​ഗമായി പത്മനാഭപുരം കൊട്ടാരത്തിൽ നടന്ന ചടങ്ങിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയിൽ നിന്ന് മന്ത്രി വി എൻ വാസവൻ ഉടവാൾ ഏറ്റുവാങ്ങുന്നു

തിരുവനന്തപുരം
നവരാത്രി പൂജയ്ക്കായി പത്മനാഭപുരത്തുനിന്ന്‌ തലസ്ഥാനത്തേക്കുള്ള നവരാത്രി വിഗ്രഹങ്ങളുടെ എഴുന്നള്ളിപ്പ് തുടങ്ങി. ഘോഷയാത്രയ്ക്ക് മുന്നോടിയായി ചൊവ്വ പുലർച്ചെ പത്മനാഭപുരം കൊട്ടാരത്തിലെ ഉപ്പിരിക്ക മാളികയിൽ ഉടവാൾ കൈമാറി. 
സംസ്ഥാന പുരാവസ്തു വകുപ്പ് ഡയറക്ടർ ഇ ദിനേശനിൽനിന്ന്‌ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉടവാൾ സ്വീകരിച്ചു. ദേവസ്വംമന്ത്രി വി എൻ വാസവൻ വാൾ ഏറ്റുവാങ്ങി കന്യാകുമാരി ദേവസ്വം ബോർഡ് ചെയർമാൻ പ്രഭാരാമകൃഷ്ണന് കൈമാറി. 
കേരള, തമിഴ്‌നാട് സായുധ പൊലീസിന്റെ ഗാർഡ് ഓഫ് ഓണറിന് ശേഷം ഘോഷയാത്ര കൊട്ടാരമുറ്റത്തേക്ക് നീങ്ങി. ആനപ്പുറത്തേറി ഘോഷയാത്രയായി സരസ്വതി വിഗ്രഹം പുറത്തേക്ക് എഴുന്നള്ളിച്ചു. തൊട്ടുപിന്നാലെ ഇരുപല്ലക്കുകളിലായി വേളിമല കുമാര സ്വാമിയും ശുചീന്ദ്രം മുന്നൂറ്റി നങ്കയും. ചൊവ്വ രാത്രി വിഗ്രഹങ്ങൾ കുഴിത്തുറ മഹാദേവക്ഷേത്രത്തിൽ ഇറക്കിപൂജ നടത്തും. ബുധൻ രാവിലെ കളിയിക്കാവിളയിൽ എത്തുന്ന ഘോഷയാത്രയെ കേരള പൊലീസ്, റവന്യൂ, ദേവസ്വം അധികൃതർ ചേർന്ന് വരവേൽക്കും. 
ഘോഷയാത്ര വ്യാഴം വൈകിട്ട് തിരുവനന്തപുരത്തെത്തും. കുമാരസ്വാമിയെ കരമന മുതൽ വെള്ളിക്കുതിരപ്പുറത്താണ് എഴുന്നള്ളിക്കുന്നത്. സന്ധ്യയോടെ ഘോഷയാത്ര കിഴക്കേകോട്ടയിൽ എത്തുമ്പോൾ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ഉടവാൾ ഏറ്റുവാങ്ങി ഘോഷയാത്രയെ ആചാരപ്രകാരം വരവേൽക്കും. 
പത്മതീർഥത്തിലെ ആറാട്ടിനുശേഷം സരസ്വതി മണ്ഡപത്തിലാണ് സരസ്വതിദേവിയെ പൂജയ്ക്കിരുത്തുന്നത്. കുമാരസ്വാമിയെ ആര്യശാല ദേവീക്ഷേത്രത്തിലും മുന്നൂറ്റിനങ്കയെ ചെന്തിട്ട ദേവീക്ഷേത്രത്തിലും പൂജയ്ക്കിരുത്തും. 
നവരാത്രി പൂജയ്‌ക്ക് ശേഷം വിഗ്രഹങ്ങളെ തിരുവനന്തപുരത്തുനിന്ന്‌ തിരിച്ച്‌ പത്മനാഭപുരത്തേക്ക് കൊണ്ടുപോകും. 
പത്മനാഭപുരത്ത്‌ നടന്ന ചടങ്ങിൽ എംഎൽഎമാരായ സി കെ ഹരീന്ദ്രൻ, എം വിൻസന്റ്, കന്യാകുമാരി കലക്ടർ ആർ അളഗമീന, സബ്കലക്ടർ വിനയ് കുമാർ മീണ, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്, അംഗങ്ങളായ എ അജികുമാർ, ജി സുന്ദരേശൻ എന്നിവരും പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top