21 November Thursday

മഴ: പൂവത്തൂരിൽ 75 ഏക്കര്‍ 
കൃഷിയിടത്തിൽ വെള്ളം

വെബ് ഡെസ്‌ക്‌Updated: Saturday Nov 2, 2024

പ്രളയക്കെടുതി മേഖല കർഷകസംഘം ഭാരവാഹികളും നഗരസഭാ അധികൃതരും സന്ദർശിക്കുന്നു

നെടുമങ്ങാട് 
മൂന്നു ദിവസമായി തുടര്‍ച്ചയായി പെയ്ത മഴയിൽ പൂവത്തൂർ മേഖലയിൽ വെള്ളത്തിനടിയിലായത് 75 ഏക്കര്‍ കൃഷിയിടം. തകര്‍ന്നത് നൂറിലധികം പാട്ടകൃഷിക്കാരുടെ  ജീവനമാര്‍ഗം. പൂവത്തൂർ മുതൽ പരിയാരംവരെയുള്ള ഏലാ പ്രദേശമാണ് വെള്ളത്തിനടിയിലായത്. പൂവത്തൂരിൽനിന്നും ആരംഭിക്കുന്ന ജലധാരാ റോഡിനോടു ചേർന്നുള്ള തോട് കരകവിഞ്ഞും തുടർച്ചയായി പെയ്യുന്ന മഴവെള്ളം തങ്ങിയുമാണ്   ഏലാ വെള്ളത്തിനടിയിലായത്. ഏറെ കൃഷിയിടവും പാട്ടമെടുത്തു കൃഷിചെയ്യുന്ന കർഷകരുടേതാണ്. 
വാഴ,പച്ചക്കറി കൃഷികളാണ് അധികവും. കർഷകരായ രാഘവൻ, തങ്കരാജ്,സ്വർണാധരൻ, ബിനു, അരുൺകുമാർ, സുധൻ, മുരുകൻ, വിജയൻ, അനൂപ്, ശ്രീകണ്ഠൻ നായർ, ഉണ്ണിക്കൃഷ്ണൻ നായർ, രാജീവ് തുടങ്ങിയവരുടെ 30 ഏക്കർ കൃഷിയിടം വെള്ളത്തിനടിയിലാണ്.
പ്രളയമേഖല  കർഷകസംഘം  സംസ്ഥാന കമ്മിറ്റിയംഗം  ആർ ജയദേവൻ, എം എസ് പ്രദീപ്, പി ജി പ്രേമചന്ദ്രൻ, പുങ്കുമ്മൂട് രാജേന്ദ്രൻ എന്നിവരും നഗരസഭാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി ഹരികേശനും സന്ദർശിച്ചു.  ജലധാരാ തോട് വൃത്തിയാക്കി വീതികൂട്ടിയും റോഡ് ഉയരമേറ്റി പുനർനിർമിച്ചും പതിവായി അനുഭവിച്ചുകൊണ്ടിരിക്കുന്ന ഈ കെടുതിയിൽനിന്നും കർഷകരെ രക്ഷിക്കണമെന്ന് കർഷകസംഘം സംസ്ഥാന കമ്മിറ്റിയംഗം ആർ ജയദേവൻ ആവശ്യപ്പെട്ടു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top