തിരുവനന്തപുരം
അമീബിക് മസ്‌തിഷ്‌കജ്വരം ബാധിച്ചവരെ ശുശ്രൂഷിച്ച അനുഭവം പറഞ്ഞ് മെഡിക്കൽ കോളേജ് ആശുപത്രിയിലെ നഴ്‌സിങ് ഓഫീസർ എൽ ടി സുഷമ. ആദിത്യ എന്ന 22വയസുകാരിയും നാദിർഷ എന്ന 17കാരനും അമീബിക് മസ്തിക ജ്വരം ബാധിച്ചാണ് സുഷമയുടെ വാർഡിലെത്തിയത്. കടുത്ത വേദനകളിലും പരസ്പരം കൂട്ടായി പ്രതിസന്ധിഘട്ടത്തെ തരണം ചെയ്താണ് അവർ രോഗം ഭേദമായ സന്തോഷത്തോടെ ആശുപത്രി വിടുന്നതെന്ന് സുഷമ നഴ്‌സ് സമൂഹമാധ്യമങ്ങളിൽ പങ്കിട്ട കുറിപ്പിൽ പറയുന്നു. ലക്ഷക്കണക്കിന് രൂപയുടെ മരുന്നാണ് രോഗികൾക്ക് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽനിന്ന് ദിനംപ്രതി സൗജന്യമായി നൽകിയത്.
ഓരോ രോഗിയെയും രോഗം ഭേദമാക്കി വീടുകളിലേയ്ക്ക്, അവരുടെ പ്രിയപ്പെട്ടവരുടെ അടുത്തേയ്ക്ക് തിരിച്ചയയ്ക്കുന്നത് ഈ ആശുപത്രിയിൽ ജോലി ചെയ്യുന്ന ആരോഗ്യപ്രവർത്തകരുടെ ടീം വർക്ക് കൊണ്ടാണെന്ന് അവർ പറയുന്നു. ‘ഡോക്ടർമാരും സേവന സന്നദ്ധരായ നഴ്‌സുമാരും മറ്റ് ആരോഗ്യ പ്രവർത്തകരും അവരെ നയിക്കുന്ന ആ ശുപത്രി അധികൃതരും ആരോഗ്യമന്ത്രി വീണാ ജോർജിനും അഭിനന്ദനം.
ഇത്തരത്തിൽ ഒരു ആരോഗ്യസംവിധാനം നമ്മുടെ കൊച്ചു കേരളത്തിലെ പാവപ്പെട്ടവന്റെ അവസാന ആശ്രയവും അത്താണിയുമാണ്. പ്രൈവറ്റ് ആശുപത്രിയിൽ ചിലവാക്കി, പണം തീർന്നുകഴിയുമ്പോൾ ഇവിടേയ്ക്ക് എത്തുന്ന ഒരുപാട് രോഗികളെ ഐസിയുവിലും മറ്റും കിടത്തി ഭേദമാക്കി വിടാറുണ്ട്. തിരക്കിനിടയിൽ വരുന്ന ചെറിയ ചെറിയ പ്രശ്നങ്ങളെ ഊതി വീർപ്പിച്ച് നമ്മുടെ ആരോഗ്യ സംവിധാനത്തെ തകർക്കുവാൻ ശ്രമിക്കുന്നവരോടാണ് ഇത് പറയുന്നത്'–- സുഷമ കുറിപ്പിൽ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..