തിരുവനന്തപുരം
അസമയവും അസമത്വവും പടിക്ക് പുറത്തായിട്ട് കാലങ്ങളായെങ്കിലും പൊതുയിടങ്ങളിലേക്ക് സ്വീകരിക്കപ്പെടാത്ത സ്‌ത്രീകൾക്കായി വനിതാ ജങ്ഷൻ ഒരുക്കാൻ ജില്ലാ ആസൂത്രണ സമിതി. ജില്ലയിലെ 73 പഞ്ചായത്തിലും നാല് നഗരസഭകളിലുമാണ് വനിതാ ജങ്ഷൻ സംഘടിപ്പിക്കുന്നത്. ജില്ലകളുടെ സമഗ്ര വികസനത്തിന് ദിശാബോധം നൽകുക എന്ന ലക്ഷ്യത്തിന്റെ ചുവടുപിടിച്ച് വനിതകളിലൂടെ പൊതുമാറ്റം സാധ്യമാക്കാനാണ് വനിതാ ജങ്ഷൻ പദ്ധതി ആവിഷ്കരിച്ചത്. സമൂഹത്തിലെ എല്ലാ മേഖലകളിൽനിന്നുമുള്ള സ്ത്രീകളുടെ സാന്നിധ്യം പരിപാടിയിൽ ഉറപ്പാക്കും. നിലവിൽ പൊതുപരിപാടികളിലും സംഘടനകളിലും സ്ഥാപനങ്ങളിലും ഭാഗമായവർക്ക് പുറമെ ഉൾവലിഞ്ഞ് നിൽക്കുന്നവരെ കണ്ടെത്തുകയെന്ന ലക്ഷ്യമാണ് സമിതി ഏറ്റെടുത്തിരിക്കുന്നത്. പൊതുയിടങ്ങൾ തങ്ങളുടേതുകൂടെയാണെന്നും ‘അസമയം’ അസമത്വം ആണെന്നുമുള്ള ബോധ്യം പൊതുസമൂഹത്തിൽ ഉണ്ടാക്കുക എന്ന ലക്ഷ്യത്തിലാണ് പദ്ധതി തയ്യാറാക്കിയത്. സ്ത്രീകളുടെ കൂട്ടായ്മ രൂപീകരിച്ച് പഞ്ചായത്തിലെ പ്രധാനപ്പെട്ട സ്ഥലത്ത് സ്ത്രീകളുടെ സംഗമം നടത്തുകയാണ് പദ്ധതിയുടെ ഭാഗമായി ആദ്യം ചെയ്യുന്നത്. പകൽ മൂന്നുമുതൽ രാത്രി 12 വരെ കൂട്ടായ്മയിലെ സ്ത്രീകൾക്ക് പരിപാടികൾ നടത്താൻ അവസരമൊരുക്കും. രാത്രി 12നുശേഷം നഗരത്തിലൂടെ രാത്രിനടത്തവും സംഘടിപ്പിക്കും. വിവിധ മേഖലയിൽ കഴിവുതെളിയിച്ച വനിതകളെയും ചടങ്ങിൽ ആദരിക്കും. മൂന്നുമാസത്തിനുള്ളിൽ എല്ലാ പഞ്ചായത്തിലും കൂട്ടായ്മ നടത്തും. തുടർന്ന് പദ്ധതി വിപുലീകരിക്കാനാണ് ആലോചന. കാട്ടാക്കട പഞ്ചായത്തിലാണ് ജില്ലയിൽ ആദ്യ വനിതാ ജങ്ഷൻ സംഘടിപ്പിച്ചത്. അടുത്തയാഴ്ച കള്ളിക്കാട് പഞ്ചായത്തിൽ സംഘടിപ്പിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ്കുമാറും ചെയര്‍മാനായി കലക്ടര്‍ അനുകുമാരി മെമ്പര്‍ സെക്രട്ടറിയായും ജില്ലാ ആസൂത്രണ ബോര്‍ഡ് ഓഫീസര്‍ എസ് ബിജുവുമാണ് പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..