ആറ്റിങ്ങൽ
അഞ്ചുതെങ്ങ് പഞ്ചായത്തിൽ കുടിവെള്ളവിതരണം തടസ്സപ്പെടുമെന്ന ജല അതോറിറ്റിയുടെ അറിയിപ്പിനെത്തുടർന്ന് സിപിഐ എം പ്രതിഷേധിച്ചു. അറ്റകുറ്റപ്പണിക്കും ഇന്റർ ലിങ്കിനുമായി ഒരുമാസം കുടിവെള്ളവിതരണം നിർത്തിവയ്ക്കുമെന്നാണ് ജല അതോറിറ്റി അറിയിച്ചത്. എന്നാൽ, ഇത്രയും ദിവസം ജലം ലഭിച്ചില്ലെങ്കിൽ പഞ്ചായത്തിലെ ജനജീവിതം പ്രതിസന്ധിയിലാകും. തീരദേശഗ്രാമമായ അഞ്ചുതെങ്ങിൽ ജല അതോറിറ്റിയിൽനിന്ന് ലഭിക്കുന്ന ജലമാണ് മുഖ്യമായും കുടിവെള്ളത്തിനായി ഉപയോഗിക്കുന്നത്.
അഞ്ചുതെങ്ങ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആറ്റിങ്ങൽ ജല അതോറിറ്റി എക്സിക്യൂട്ടീവ് എൻജിനിയർ ഓഫീസിന് മുന്നിലായിരുന്നു പ്രതിഷേധം. ജല അതോറിറ്റി എക്സിക്യൂട്ടീവ് എൻജിനിയർ സന്തോഷുമായി നടത്തിയ ചർച്ചയെത്തുടർന്ന് അറ്റകുറ്റപ്പണി നടക്കുന്ന സമയത്തും കുടിവെള്ളം ലഭ്യമാക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാമെന്ന് ഉറപ്പുനൽകി. തടസ്സം ഉണ്ടായാൽ ആ പ്രദേശങ്ങളിൽ മറ്റു വഴികളിലൂടെ കുടിവെള്ളമെത്തിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമെന്നും എക്സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു. ഇതേ തുടർന്ന് പ്രതിഷേധം അവസാനിപ്പിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് വി ലൈജു, സിപിഐ എം ഏരിയ കമ്മിറ്റി അംഗം അഞ്ചുതെങ്ങ് സുരേന്ദ്രൻ, ലോക്കൽ സെക്രട്ടറി എസ് പ്രവീൺ ചന്ദ്ര, ലിജ ബോസ്, സ്റ്റീഫൻ ലൂയിസ്, സജി സുന്ദർ, ഫ്ളോറൻസ് സോഫിയ എന്നിവർ നേതൃത്വം നൽകി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..