23 December Monday

വാവുബലി തർപ്പണം തുടങ്ങി

സ്വന്തം ലേഖകർUpdated: Saturday Aug 3, 2024

വർക്കല പാപനാശം തീരം വി ജോയി എംഎൽഎ സന്ദർശിക്കുന്നു

തിരുവനന്തപുരം
ശനി പുലർച്ചെമുതൽ സംസ്ഥാനത്തെ വിവിധ ക്ഷേത്രങ്ങളിൽ വാവുബലി ചടങ്ങുകൾക്ക്‌ തുടക്കമായി. കനത്ത മഴയും പ്രതികൂല കാലാവസ്ഥയും കാരണം ചിലയിടങ്ങളിൽ നിയന്ത്രണങ്ങളുണ്ട്‌. അപകടസാധ്യതയുള്ള കടവുകളിൽ അഗ്നിരക്ഷാസേനയുടെയും സ്‌കൂബാ ടീമിന്റെയും സേവനം ഉറപ്പാക്കിയിട്ടുണ്ട്‌. 
തിരുവിതാംകൂർ ദേവസ്വം ബോർഡ്‌ തിരുവല്ലം പരശുരാമ ക്ഷേത്രം, ആലുവ ശിവക്ഷേത്രം, വർക്കല ജനാർദന സ്വാമി ക്ഷേത്രം, തിരുമുല്ലവാരം ക്ഷേത്രം, കഠിനംകുളം ക്ഷേത്രം എന്നിവിടങ്ങളിലായി 500 ജീവനക്കാരെയും 600 താൽക്കാലിക ജീവനക്കാരെയും നിയോഗിച്ചു. 260 പുരോഹിതൻമാർ ഇവിടെ നേതൃത്വം നൽകും. പൂർണമായും ഹരിത ചട്ടങ്ങൾ പാലിച്ചാണ് ചടങ്ങുകൾ. ഗതാഗതം, പാർക്കിങ്‌ എന്നിവയ്ക്കായി പൊലീസ് ഉൾപ്പെടെ വകുപ്പുകളുമായും കെഎസ്ആർടിസിയുമായും സഹകരിച്ച് സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
ശംഖുംമുഖത്ത്‌ പതിനായിരത്തിലധികം പേർക്ക് തർപ്പണം നടത്താം. ഒരേസമയം രണ്ട്‌ പന്തലുകളിലായി 300 പേർക്കുവീതം സൗകര്യമുണ്ട്. വർക്കല പാപനാശം തീരം, തിരുവല്ലം പരശുരാമ ക്ഷേത്രം, കുറ്റിയാണിക്കാട്‌, പൊഴിയല്ലൂർ ക്ഷേത്രങ്ങൾ, പേരൂർക്കട കുടപ്പനക്കുന്ന് കുശവർക്കൽ ദേവീക്ഷേത്രം, തുമ്പ ആറാട്ടുവഴി കടപ്പുറം, അരുവിപ്പുറം ശിവക്ഷേത്രം, കഠിനംകുളം മഹാദേവക്ഷേത്രം, തൃക്കുളങ്ങര വിഷ്ണുക്ഷേത്രം, വെള്ളായണി ശിവോദയം ശിവക്ഷേത്രം, വേളി പൊഴിക്കര ഗണപതിക്ഷേത്രം തുടങ്ങി വിവിധയിടങ്ങളിൽ ചടങ്ങുകൾ ആരംഭിച്ചു. സുരക്ഷയ്ക്കായി ശംഖുംമുഖം തീരത്ത് സ്‌കൂബ ഡൈവേഴ്സുണ്ട്. ഡിടിപിസി ലൈഫ് ഗാർഡുമാരുടെ എണ്ണം പതിനാറാക്കി ഉയർത്തി. തർപ്പണത്തിനുശേഷം കുളിക്കാൻ 50 ഷവറുണ്ട്. സബ് കലക്ടർ അശ്വതി ശ്രീനിവാസാണ് ക്രമീകരണങ്ങളുടെ നോഡൽ ഓഫീസർ.  
തിരക്കിലമർന്ന്‌ 
പാപനാശം 
വർക്കല
ശക്തമായ സുരക്ഷാ ക്രമീകരണങ്ങളോടെ പാപനാശം തീരത്ത് തർപ്പണ ചടങ്ങുകൾക്ക് തുടക്കമായി. ശനി പുലർച്ചെ 3.30ന് ചടങ്ങുകൾ ആരംഭിച്ചു. ഞായർ വൈകിട്ട് നാലോടെ സമാപിക്കും. ഗ്രീൻ പ്രോട്ടോകോൾ ഉറപ്പാക്കാനായി നഗരസഭ ഹരിതകർമസേന, എൻഎസ്എസ്, എസ്പിസി വിഭാഗങ്ങളിൽനിന്ന്‌ 170 വളന്റിയർമാരെ നിയോഗിച്ചിട്ടുണ്ട്. 1000ലേറെ പൊലീസുകാരെ മഫ്തിയിലും അല്ലാതെയും 5 സോണുകളായി വിന്യസിച്ചിട്ടുണ്ട്. 50 സിവിൽ വളന്റിയർമാരും ഡ്യൂട്ടിക്കുണ്ട്. നിലവിൽ 20 ലൈഫ് ഗാർഡുമാർ ഉള്ളതിനുപുറമേ 15 താൽക്കാലിക ലൈഫ് ഗാർഡുകളെ കൂടി നിയമിച്ചിട്ടുണ്ട്. ആരോഗ്യവകുപ്പ് 3 കേന്ദ്രങ്ങളിൽ ആവശ്യമായി സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ദേവസ്വം ബോർഡ് പൊലീസുമായി ആലോചിച്ച് ആവശ്യമായ സിസിടിവി സംവിധാനം ഏർപ്പെടുത്തുകയും 100ലേറെ പുരോഹിതന്മാർക്ക് ലൈസൻസും നൽകി. 
വി ജോയി എംഎൽഎ, നഗരസഭാധ്യക്ഷൻ കെ എം ലാജി, റൂറൽ എസ്പി കിരൺ നാരായൺ, വർക്കല എഎസ്‌പി ദീപക് ധൻകർ, സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്‌പി ജയകുമാർ തുടങ്ങിയവർ സന്ദർശിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top