23 December Monday
മുതലപ്പൊഴിയിൽ അപകട പരമ്പര: 18 പേർക്ക്‌ പരിക്കേറ്റു

മണിക്കൂറിനിടെ 
5 വള്ളം മറിഞ്ഞു

സ്വന്തം ലേഖകൻUpdated: Tuesday Sep 3, 2024

മുതലപ്പൊഴിയിൽ മറിഞ്ഞ വള്ളം തിരയടിച്ച് പുലിമുട്ടിലേക്ക്‌ ഇടിച്ച് കയറിയനിലയിൽ

ചിറയിൻകീഴ്
മുതലപ്പൊഴിയിൽ ഒരു മണിക്കൂറിനിടെ അഞ്ച് വള്ളങ്ങൾ മറിഞ്ഞു. അഞ്ച്‌ രക്ഷാപ്രവർത്തകർക്ക്‌ ഉൾപ്പെടെ 1൮ പേർക്ക്‌ പരിക്ക്. ഇതിൽ മൂന്നുപേരുടെ നില ഗുരുതരമാണ്‌. തിങ്കൾ വൈകിട്ട് അഞ്ചിനും 5.50നും ഇടയിലാണ്‌ അപകടങ്ങൾ. മീൻപിടിത്തം കഴിഞ്ഞ് തിരികെ വന്ന മൂന്ന് വള്ളങ്ങളും മീൻപിടിക്കാനായി പുറപ്പെട്ട ഒരു വള്ളവും ഫിഷറീസ് രക്ഷാപ്രവർത്തകരുടെ വള്ളവുമാണ് അഴിമുഖ കവാടത്തിലെ ശക്തമായ തിരയിൽപ്പെട്ട് മറിഞ്ഞത്. മീൻപിടിത്ത വള്ളങ്ങളിലുണ്ടായിരുന്ന 12 തൊഴിലാളികളെയും മറൈൻ എൻഫോഴ്സ്‌മെന്റിന്റെ രക്ഷാപ്രവർത്തകർ രക്ഷപ്പെടുത്തി. വർക്കല സ്വദേശി നവാസ്, പീറ്റർ എന്നീ തൊഴിലാളികൾക്കും രക്ഷാഗാർഡായ സജു ആന്റണിക്കും ഗുരുതര പരിക്കേറ്റ്‌ മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ ചികിത്സയിലാണ്‌.  രക്ഷാപ്രവർത്തനത്തിനിടെ മറിഞ്ഞ മറൈൻ എൻഫോഴ്സിന്റെ വള്ളം മറ്റൊരു വള്ളം ഉപയോഗിച്ച് വലിച്ചു കയറ്റവേ കപ്പി പൊട്ടിവീണാണ് നവാസിന് (48) പരിക്കേറ്റത്. 
വെട്ടൂർ സ്വദേശി അനൂപിന്റെ ഉടമസ്ഥതയിലുള്ള ജറുസലേം, സെന്റ്‌ ആൻഡ്രൂസ് സ്വദേശി ആന്റണിയുടെ ഉടമസ്ഥതയിലുള്ള ഫാത്തിമ മാത, പെരുമാതുറ സ്വദേശി നവാസിന്റെ ഉടമസ്ഥതയിലുള്ള യാസീൻ, കെ എം കാസീമെന്ന കൊല്ലി വള്ളം എന്നിവയാണ് അപകടത്തിൽപ്പെട്ടത്.
ആന്റണി, വർഗീസ്, ജാഫർ, നസീബ്, ഷാഫി, ബിനോയ്, അനൂപ്, സുനിൽ, അൽ അമീൻ, മുഹമ്മദ്, നജീബ്, ക്രിസ്റ്റി (23), ജഗൻ (27), അജൻ, ജോസ് എന്നിവരാണ്‌ പരിക്കേറ്റ മറ്റുള്ളവർ. ശക്തമായ കടൽക്ഷോഭം നിലനിൽക്കവേ രക്ഷാപ്രവർത്തനം അതീവ ദുഷ്കരമായിരുന്നു. മറൈൻ എൻഫോഴ്സിന്റെ യഹോവ നിസ്സി എന്ന വള്ളവും മറിഞ്ഞു. മൂന്ന് വള്ളങ്ങൾ പൂർണമായി തകർന്നു. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടവും സംഭവിച്ചിട്ടുണ്ട്. ഒരു വള്ളം രക്ഷാപ്രവർത്തകർ കരയ്ക്കെത്തിച്ചു. മറിഞ്ഞ മറൈൻ എൻഫോഴ്സിന്റെ വള്ളം അഴിമുഖ കവാടത്തിന് പുറത്തുനിന്ന് കരയ്ക്കെത്തിക്കാനായിട്ടില്ല.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top