22 November Friday
കെസിഎൽ തുടങ്ങി

തലസ്ഥാനത്ത്‌ വീണ്ടും 
ക്രിക്കറ്റ്‌ പൂരം

സ്വന്തം ലേഖകൻUpdated: Tuesday Sep 3, 2024

കേരള ക്രിക്കറ്റ് ലീഗ് ഉദ്ഘാടന ചടങ്ങിൽ ബ്രാൻഡ് അംബാസഡർ മോഹൻലാൽ ടീം ക്യാപ്റ്റന്മാരെ പരിചയപ്പെടുന്നു

തിരുവനന്തപുരം 
കാര്യവട്ടം ഗ്രീൻഫീൽഡ്‌ സ്‌റ്റേഡിയത്തിലേക്ക്‌ വീണ്ടും ക്രിക്കറ്റ്‌ ആരവം വിരുന്നെത്തിയ ആവേശത്തിലാണ്‌ ആരാധകർ. കേരള ക്രിക്കറ്റ്‌ അസോസിയേഷൻ ആദ്യമായി സംഘടിപ്പിക്കുന്ന കേരള ക്രിക്കറ്റ്‌ ലീഗ്‌ ട്വന്റി–20 മത്സരത്തിന്‌ തിരുവനന്തപുരംതന്നെ വേദിയായതോടെ ആവേശം ഇരട്ടിയായി. 
ഐപിഎല്ലിലേക്കും ഇന്ത്യൻ ടീമിലേക്കും കൂടുതൽ മലയാളിതാരങ്ങളെ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ കേരള ക്രിക്കറ്റ്‌ ലീഗ്‌ അരങ്ങേറുന്നത്‌. 114 താരങ്ങൾ പങ്കെടുക്കുന്നുണ്ട്‌. ട്രിവാൻഡ്രം റോയൽസ്‌, കൊല്ലം സെയ്‌ലേഴ്സ്‌, ആലപ്പി റിപ്പിൾസ്‌, കൊച്ചി ബ്ലൂ ടൈഗേഴ്സ്‌, തൃശൂർ ടൈറ്റൻസ്‌, കലിക്കറ്റ്‌ ഗ്ലോബ്സ്റ്റാർസ്‌ എന്നിവയാണ്‌ കെസിഎല്ലിൽ പങ്കെടുക്കുന്ന ടീമുകൾ. പി എ അബ്ദുൾ ബാസിത് (ട്രിവാൻഡ്രം റോയൽസ്‌), സച്ചിൻ ബേബി (ഏരീസ് കൊല്ലം സെയ്‌ലേഴ്സ്‌), മുഹമ്മദ് അസറുദ്ദീൻ (ആലപ്പി റിപ്പിൾസ്‌), ബേസിൽ തമ്പി (കൊച്ചി ബ്ലൂ ടൈഗേഴ്സ്‌), വിഷ്‌ണു വിനോദ്  (തൃശൂർ ടൈറ്റൻസ്‌), റോഹൻ എസ് കുന്നമ്മൽ (കലിക്കറ്റ്‌ ഗ്ലോബ്സ്റ്റാർസ്‌) എന്നിവരാണ്‌ ഈ ടൂർണമെന്റിന്റെ ഐക്കൺ താരങ്ങൾ.
അന്താരാഷ്ട്ര മത്സരങ്ങൾ നടത്തുന്ന അതേ രീതിയിൽ തന്നെയാണ്‌ കെസിഎ ക്രിക്കറ്റ്‌ ലീഗും ഒരുക്കിയിരിക്കുന്നത്‌. തിങ്കൾ വൈകിട്ട്‌ ആറിന്‌ നടന്ന ഉദ്‌ഘാടന ചടങ്ങിൽ ഗായകൻ അരുൺ വിജയ് ക്രിക്കറ്റ് ലീഗിന്റെ ഔദ്യോഗിക ഗാനം ആലപിച്ചു. 60 കലാകാരന്മാർ ചേർന്നൊരുക്കിയ കേരളീയ ദൃശ്യവിരുന്നും അരങ്ങേറി. ബ്രാൻഡ് അംബാസഡർ കൂടിയായ മോഹൻലാൽ, വനിതാ ക്രിക്കറ്റ് ഗുഡ്‌വിൽ അംബാസഡർ കീർത്തി സുരേഷ് തുടങ്ങിയവരും പങ്കെടുത്തു. 
17ന്‌ സെമി ഫൈനലുകളും 18ന്‌ വൈകിട്ട്‌ 6.45ന്‌ ഫൈനലും നടക്കും. ദിവസവും പകൽ 2.30, വൈകിട്ട്‌ 6.45 എന്നീ സമയക്രമത്തിലാണ്‌ മത്സരങ്ങൾ നടക്കുന്നത്‌. 
നമ്മുടെ സ്വന്തം 
ട്രിവാൻഡ്രം റോയൽസ്‌
തലസ്ഥാനവാസികളുടെ സ്വന്തം ടീമായ ട്രിവാൻഡ്രം റോയൽസിന്റെ മത്സരം കാണാൻ തിങ്കളാഴ്‌ച നൂറുകണക്കിന്‌ ആരാധകരാണ്‌ എത്തിയത്‌. സംവിധായകൻ പ്രിയദർശനും ജോസ് തോമസ് പട്ടാറയും ചേർന്നുള്ള കൺസോർഷ്യമാണ്‌ ടീമിന്റെ ഉടമകൾ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top