കരകുളം
മാലിന്യം കുന്നുകൂടി ദുർഗന്ധം വമിച്ചിരുന്ന കരകുളത്തെ പൈപ്പ് ലൈൻ റോഡുകൾ ഇന്ന് സുഗന്ധപൂർണമായ പൂന്തോട്ടമായി മാറിയ വിസ്മയത്തിലാണ് കരകുളത്തെ ജനത. മാലിന്യ വഴികളിൽ പൂക്കളും ജൈവപച്ചക്കറിയും വിളയും എന്ന ആശയമുയർത്തി മാലിന്യ കൂമ്പാരമായിരുന്ന പൈപ്പ് ലൈൻ റോഡ് ശുചീകരിക്കാൻ കരകുളം പഞ്ചായത്ത് നടപ്പിലാക്കിയ 'നമുക്കായ് ഒരു ഹരിതവീഥി ' എന്ന പദ്ധതിയാണ് നൂറുമേനി വരിഞ്ഞ് നിൽക്കുന്നത്. വിവിധ തരം ജമന്തികൾ, വാടാമല്ലി, മുല്ല എന്നിവയാണ് വിളവെടുപ്പിന് തയ്യാറായി നിൽക്കുന്നത്. വഴയില മുതൽ എട്ടാം കല്ല് വരെയുള്ള പൈപ്പ് ലൈനിലാണ് രണ്ടര ഏക്കറോളം സ്ഥലത്ത് പൂവും പച്ചക്കറിയും കൃഷി നടത്തുന്നത്. വിവിധ പ്രദേശങ്ങളിൽ റസിഡന്റ്‌സ് അസോസിയേഷനുകൾ, കുടുംബശ്രീ - തൊഴിലുറപ്പ് പ്രവർത്തകർ, പഞ്ചായത്ത് ജീവനക്കാർ, കർഷകർ, തൊഴിലാളികൾ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പരിപാലനം നടന്നത്. ഓണത്തിന് മുന്നോടിയായി പച്ചക്കറിയും പൂക്കളും വിപണിയിലെത്തും.
വിളവെടുപ്പ് വഴയില ജങ്ഷനിലെ പൈപ്പ് ലൈനിൽ മന്ത്രി ജി ആർ അനിൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് യു ലേഖാ റാണി അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി അമ്പിളി, വി രാജീവ്, പി ഉഷാകുമാരി, ടി ഗീത, അശ്വതി ശശിധരൻ തുടങ്ങിയവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..