പാറശാല
നവരാത്രി വിഗ്രഹഘോഷയാത്രയ്ക്ക് കളിയിക്കാവിളയിൽ വരവേൽപ്പ്. ബുധൻ രാവിലെ കുഴിത്തുറ ശ്രീ മഹാദേവ ക്ഷേത്രത്തിൽനിന്ന് പുറപ്പെട്ട ഘോഷയാത്രയെ ഇരു സംസ്ഥാനങ്ങളിലെയും പൊലീസ് സേനകൾ ഗാർഡ് ഓഫ് ഓണർ നൽകിയാണ് സ്വീകരിച്ചത്. നാഗാലാൻഡ് ഗവർണർ എൽ എ ഗണേശൻ, സി കെ ഹരീന്ദ്രൻ എംഎൽഎ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്, മുൻ കേന്ദ്ര മന്ത്രി പൊൻ രാധാകൃഷ്ണൻ, മുൻ മന്ത്രി വി എസ് ശിവകുമാർ, പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് കെ ബെൻഡാർവിൻ, പഞ്ചായത്ത് പ്രസിഡന്റ് എൽ മഞ്ജുസ്മിത, ദേവസ്വം കമീഷണർ പ്രകാശ്, ദേവസ്വം ബോർഡ് അംഗം അഡ്വ. എ അജികുമാർ, സാംസ്കാരിക വിഭാഗം ഡയറക്ടർ രജിലാൽ തുടങ്ങിയവർ പങ്കെടുത്തു. പാറശാല ശ്രീ മഹാദേവ ക്ഷേത്രത്തിൽ വിശ്രമത്തിനുശേഷം യാത്ര രാത്രി നെയ്യാറ്റിൻകര ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രത്തിൽ സമാപിച്ചു. വ്യാഴം രാവിലെ പുറപ്പെടുന്ന നവരാത്രി വിഗ്രഹഘോഷയാത്രയെ കരമനയിൽ നിന്നുള്ള സ്വീകരണത്തിനുശേഷം സരസ്വതി ദേവിയെ കോട്ടയ്ക്കകം നവരാത്രി മണ്ഡപത്തിലും കുമാരസ്വാമിയെ ആര്യശാല ക്ഷേത്രത്തിലും മുന്നൂറ്റി നങ്കയെ ചെന്തിട്ട ഭഗവതി ക്ഷേത്രത്തിലും എത്തിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..