22 December Sunday

ജനറൽ ആശുപത്രിയിലെ 
ജി ഗെയിറ്റർ ഹിറ്റ്‌

സ്വന്തം ലേഖികUpdated: Sunday Nov 3, 2024

ജി ഗെയിറ്റർ (ഫയൽ ചിത്രം)

തിരുവനന്തപുരം
ഇനിയൊരു സാധാരണജീവിതമുണ്ടാകുമോയെന്ന്‌ സംശയത്തോടെ വന്ന നൂറുകണക്കിനു പേരുടെ സ്വപ്നങ്ങൾക്ക്‌ ചിറകുനൽകി തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ജി ഗെയിറ്റർ. 
ലോകോത്തര നിലവാരത്തിലുള്ള ആധുനിക ന്യൂറോ റീഹാബിലിറ്റേഷൻ ചികിത്സ ഉറപ്പാക്കാനാണ്‌ കഴിഞ്ഞ വർഷം നവംബറിൽ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ അഡ്വാൻസ് ഗെയ്റ്റ് ട്രെയിനിങ് റോബോട്ട് ആയ ജി ഗെയ്‌റ്റർ ഒരുവർഷം മുമ്പ്‌ സ്ഥാപിച്ചത്‌. കേരള ഡെവലപ്‌മെന്റ് ആൻഡ്‌ ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (കെഡിസ്ക്‌) സംസ്ഥാനത്തിന്റെ വികസനത്തിനായി ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ നടപ്പാക്കുന്നതിന്റെ ഭാഗമായിട്ടാണ് ജന്റോബോട്ടിക്‌സിന്റെ ജി ഗെയ്റ്റർ റോബോട്ടിനെ ജനറൽ ആശുപത്രിയിൽ സ്ഥാപിച്ചത്.
നിരവധി കാരണങ്ങൾമൂലം ചലനശേഷി നഷ്ടമായവരെ വീണ്ടും നടത്താൻ പഠിപ്പിക്കുന്നതാണീ റോബോട്ട്. കേരളത്തിന്റെ സ്വന്തം സ്റ്റാർട്ടപ്പായ ജന്റോബോട്ടിക്സാണ് ജി ഗെയിറ്റർ വികസിപ്പിച്ചത്. ചലനവൈകല്യങ്ങൾ അനുഭവിക്കുന്ന രോഗികൾക്ക് വേഗത്തിൽ സുഖം പ്രാപിക്കുന്നതിനും പരമ്പരാഗത ഗെയ്റ്റ് ട്രെയിനിങ്‌ പ്രശ്‌നങ്ങൾക്ക് മികച്ച പരിഹാരം നൽകുന്നതിനും നൂതന സാങ്കേതികവിദ്യകളായ നിർമിതബുദ്ധി, റോബോട്ടിക്‌സ് എന്നിവ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ജി-ഗെയിറ്റർ സഹായിക്കും. ഈ സംവിധാനമുള്ള രാജ്യത്തെ ആദ്യത്തെ സർക്കാർ ആശുപത്രിയാണ്‌ ഇത്‌. ഇവിടത്തെ ഫിസിക്കൽ മെഡിസിൻ റിഹാബിലിറ്റേഷൻ ഡിപ്പാർട്ട്‌മെന്റിലെ വിദഗ്ധരായ ഡോക്ടർമാരുടെ നിർദേശാനുസരണമാണ് രോഗികൾക്ക് ഗെയ്റ്റ് ട്രെയിനിങ് നൽകുന്നത്‌. നിലവിൽ ഗെയ്റ്റ് ട്രെയിനിങ് ആവശ്യമുള്ള രോഗികൾക്ക്‌ സാധാരണ രീതിയിൽ 30 മിനിറ്റ്‌ ദൈർഘ്യമുള്ള 20 സെഷൻസ് ആണ് ലഭ്യമാകുക. 
ജനറൽ ആശുപത്രിയിൽ അഡ്‌മിറ്റായ രോഗികൾക്കും പുറത്തുനിന്നെത്തുന്നവർക്കും സേവനം ലഭിക്കും. തിങ്കൾ മുതൽ ശനി വരെ പകൽ എട്ടുമുതൽ ഒന്നുവരെയാണ് പരിശീലനം. ബിപിഎൽ വിഭാഗത്തിലെ രോഗികൾക്ക് സൗജന്യമായും എപിഎല്ലുകാർക്ക്‌ ദിവസം 50 രൂപ നിരക്കിലും ജിഗെയിറ്റർ ഉപയോഗിക്കാം. കൂടുതൽ വിവരങ്ങൾക്ക് തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ പിഎം വകുപ്പിലെ ഡോക്ടർമാരുമായി ബന്ധപ്പെടുകയോ ബുധനാഴ്ചകളിൽ ജനറൽ ആശുപത്രിയിലെ സ്‌ട്രോക്ക് ക്ലിനിക് സന്ദർശിക്കുകയോ ചെയ്യാം.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top