തിരുവനന്തപുരം
സർവകലാശാലകളുടെ തലപ്പത്ത് ഇഷ്ടക്കാരെയും അഴിമതിക്കാരെയും നിയമിച്ച് ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കാനുള്ള സ്ഥാപിത നീക്കത്തിൽനിന്ന് ചാൻസലർ പിന്മാറണമെന്ന് ആവശ്യപ്പെട്ട് കെജിഒഎയുടെ നേതൃത്വത്തിൽ എ പി ജെ അബ്ദുൽ കലാം സങ്കേതിക സർവകലാശാലയുടെ മുമ്പിൽ അനിശ്ചിതകാല ധർണ ആരംഭിച്ചു. രാജ്യത്തിനാകെ മാതൃകയായി കേരളം സ്ഥാപിച്ച ഡിജിറ്റൽ സർവകലാശാലയുടെ വൈസ് ചാൻസലറായി കുറ്റാരോപിതയെ നിയമിക്കുകയും സാങ്കേതിക സർവകലാശാലയുടെ വൈസ് ചാൻസലറുടെ ചുമതല മറ്റൊരാൾക്ക് നൽകുകയും ചെയ്തു. സർക്കാർ നൽകുന്ന പാനലിൽ നിന്നു മാത്രമേ താൽക്കാലിക വിസി നിയമനം പാടുള്ളൂവെന്ന ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധിപോലും വെല്ലുവിളിച്ചാണിത്.
സാങ്കേതിക സർവകലാശാല ആസ്ഥാനത്ത് കെജിഒഎ നടത്തിയ ധർണ ജനറൽ സെക്രട്ടറി എം ഷാജഹാൻ ഉദ്ഘാടനം ചെയ്തു. എഫ്എസ്ഇടിഒ ജില്ലാ സെക്രട്ടറി പട്ടം ജി ശ്രീകുമാർ, കേരള ടെക്നിക്കൽ എംപ്ലോയീസ് അസോസിയേഷൻ പ്രസിഡന്റ് സതീഷ്, എൻജിഒ യൂണിയൻ ഏരിയ സെക്രട്ടറി പ്രിയ, കെജിഒഎ സംസ്ഥാന കൗൺസിലർ സുമേഷ് ദിവാകരൻ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..