03 December Tuesday
മുണ്ടേല രാജീവ്‌ ഗാന്ധി സഹകരണസംഘം തട്ടിപ്പ്‌

ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന്‌ നിക്ഷേപകർ

വെബ് ഡെസ്‌ക്‌Updated: Tuesday Dec 3, 2024
തിരുവനന്തപുരം
നെടുമങ്ങാട് മുണ്ടേല രാജീവ് ഗാന്ധി റെസിഡന്റ്സ് വെൽഫയർ കോ–-ഓപ്പറേറ്റീവ് സൊസൈറ്റി തട്ടിപ്പ്‌  ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് നിക്ഷേപക സംരക്ഷണ സമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ജീവിതത്തിലുടനീളം സ്വരുക്കൂട്ടി വച്ചതും സർവീസിൽനിന്ന്‌ വിരമിച്ചപ്പോൾ ലഭിച്ച ആനുകൂല്യങ്ങളും ഉൾപ്പെടെ സംഘത്തിൽ നിക്ഷേപിച്ചവരുണ്ട്‌. അതു മുഴുവൻ അപഹരിക്കപ്പെട്ടതിന്റെ ഞെട്ടലിലാണ്‌ നിക്ഷേപകർ. 
ദൈനംദിന പണമിടപാട്‌ തടസ്സപ്പെട്ടപ്പോൾ പ്രതിഷേധം ഉയർന്നതിനാൽ നെടുമങ്ങാട്‌ സഹകരണ എആർ ഓഫീസിലെ ഇൻസ്‌പെക്‌ഷൻ വിഭാഗം നടത്തിയ പരിശോധനയിലാണ്‌ ക്രമക്കേട്‌ കണ്ടെത്തിയത്‌.  സംഘം പ്രസിഡന്റ്‌ ഒരേസമയം രണ്ടുസംഘങ്ങളുടെ പ്രസിഡന്റായിരുന്നു. കാലാവധി കഴിഞ്ഞ ഗഹാൻ (പണവായ്പാ രജിസ്ട്രേഷൻ) ഉപയോഗിച്ചും വ്യാജ ഗഹാൻ രജിസ്റ്റ‍ര്‍ ചെയ്തും ബിനാമികളുടെയും ബന്ധുക്കളുടെയും പേരിൽ വായ്‌പകൾ അനുവദിച്ചിട്ടുണ്ടെന്ന്‌  അന്വേഷണ റിപ്പോർട്ടിലുണ്ടെന്നും ഭാരവാഹികൾ പറഞ്ഞു. ബിനാമി ഇടപാടുവഴി സ്ഥാപനത്തിൽനിന്ന്‌ അപഹരിച്ച പണത്തിന്റെ വിനിയോഗവും അതിനുപിന്നിൽ പ്രവർത്തിച്ചവരേയും കണ്ടെത്തി നിയമപരമായ നടപടിയെടുക്കണമെന്നും നിക്ഷേപകരെ ആത്മഹത്യയിൽനിന്ന്‌ രക്ഷിക്കണമെന്നും   നിക്ഷേപ സംരക്ഷണ സമിതി ആവശ്യപ്പെട്ടു. ചെയർമാൻ കെ പി ഗോപകുമാർ, കൺവീനർ ടി വി പത്മകുമാർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. കോൺഗ്രസ്‌ നേതൃത്വത്തിലുള്ള ഭരണസമിതിയാണ്‌ ബാങ്കിനുള്ളത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top