തിരുവനന്തപുരം
മൃഗശാലാവളപ്പിലെ മരക്കൊമ്പിലിരുന്ന് അധികൃതരെ ചുറ്റിച്ച മൂന്നാമത്തെ കുരങ്ങിനേയും മൂന്നുദിവസത്തിനുശേഷം അധികൃതർ പിടികൂടി. ഒരു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ വ്യാഴം പകല്‍ രണ്ടോടെയാണ് ഹനുമാൻ കുരങ്ങിനെ താഴെയിറക്കിയത്. സ്വയം ഇറങ്ങി വരില്ലെന്ന് ഉറപ്പായതോടെ കെഎസ്‌ഇബിയുടെ ഏരിയൽ ലിഫ്‌റ്റലിന്റ സഹായത്തോടെ മൃഗശാലയിലെ വെറ്ററിനറി സർജൻ നികേഷ് കിരണിന്റെ നേതൃത്വത്തിൽ പിടികൂടുകയായിരുന്നു. കെഎസ്ഇബി പിഎംജി യൂണിറ്റ് ആണ് ഇതിനായി എത്തിയത്.
മൂന്ന് ദിവസം വെള്ളം കുടിക്കാത്തതിനാൽ നിർജലീകരണം സംഭവിച്ച കുരങ്ങിന് ചികിത്സ നൽകിവരികയാണ്. മൂന്നു കുരങ്ങിനും മറ്റു ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെന്ന് ഡോക്ടർ പറഞ്ഞു. നിലവില്‍ ഹനുമാൻ കുരങ്ങുകളെ കാണാൻ സന്ദർശകർക്ക് അനുവാദമില്ല.കഴിഞ്ഞ തിങ്കളാഴ്‌ചയാണ് മൃഗശാലയിലെ തുറന്ന കൂട്ടിൽനിന്ന് മൂന്നു പെൺ ഹനുമാൻ കുരങ്ങുകൾ പുറത്തുചാടിയത്. മൃഗശാല വളപ്പിലെ മരത്തിൽത്തുടർന്ന കുരങ്ങുകളിൽ രണ്ടെണ്ണത്തിനെ ഭക്ഷണം നൽകി ചൊവ്വാഴ്ച കൂട്ടിലാക്കിയിരുന്നു. പ്രകോപിപ്പിച്ചാൽ കുരങ്ങ് പുറത്തേക്ക് ചാടിപ്പോകുമോയെന്ന ആശങ്കയെത്തുടർന്ന് മറ്റ് ശ്രമങ്ങളൊന്നും നടത്തിയിരുന്നില്ല. അതേസേമയം, കുരങ്ങ് മരത്തിന് താഴേക്ക് ഇറങ്ങിയാൽ പിടികൂടാൻ കീപ്പർമാരെ സജ്ജരാക്കി നിർത്തിയിരുന്നു. താഴേക്ക് വരാത്ത സാഹചര്യത്തിലാണ് മുകളില്‍കയറി പിടിക്കാൻ തീരുമാനിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..